അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) സെപ്റ്റംബർ 8ന് മരിച്ചിരുന്നു. വണ്ടൂർ തിരുവാലി സ്വദേശിയാണ് ശോഭന. സെപ്റ്റംബർ ആറിന് വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരുമാണ് നേരത്തെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

