KOYILANDY DIARY

The Perfect News Portal

തൃശ്ശൂരില്‍ വന്‍ ലഹരി മരുന്നു വേട്ട; 330 ഗ്രാം എംഡിഎംഎ പിടികൂടി

തൃശ്ശൂരില്‍ പൊലീസിന്റെ വന്‍ ലഹരി മരുന്നു വേട്ട. കാറില്‍ കടത്തിയ 330 ഗ്രാം എം.ഡി.എം.എ തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടി. ലഹരിക്കടത്ത് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചില്ലറ വില്‍പന വിപണിയില്‍ 15 ലക്ഷം രൂപയോളം വില വരുന്ന 330 ഗ്രാം എംഡിഎംഎ ആണ് തൃശ്ശൂര്‍ പുഴക്കലില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

കാറില്‍ രാസ ലഹരി കടത്തിയ കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവര്‍ പിടിയിലായി. ബാംഗ്ലൂരില്‍ നിന്ന് ആണ് ഇരുവരും മയക്കുമരുന്ന് വാങ്ങിയത്. ചാവക്കാടും ഗുരുവായൂരും ഉള്‍പ്പെടെ തൃശ്ശൂരിന്റെ തീരദേശ മേഖലകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പ്രതികളില്‍ കാസര്‍ഗോഡ് സ്വദേശിയായ നജീബിന് മലേഷ്യയില്‍ ഹോട്ടല്‍ ബിസിനസ് ആയിരുന്നു.

 

ഇതില്‍ നഷ്ടം വന്നതോടെയാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ചും, ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്നു ലഭിച്ച ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തില്‍ ഇനിയും കൂടുതല്‍ പേര്‍ പിടിയില്‍ ആകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സമീപകാലത്ത് തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

Advertisements

 

ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ ആളൂരിലും, കൊരട്ടിയിലും എം ഡി എം എ പിടികൂടിയിരുന്നു. കുതിരാനില്‍ വെച്ച് 42 ഗ്രാം എംഡിഎംഎ യുമായി പൂത്തോള്‍ സ്വദേശി പിടിയിലായതും ചെറുതുരുത്തിയില്‍ നിന്ന് ചാക്കുകണക്കിന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയതും ഒരാഴ്ച മുന്‍പാണ്.