പാളയം ബസ്സ്റ്റാൻ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: പാളയം ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപനയുണ്ടെന്ന വിവരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ ജംഷീർ പി. എം (39) നെ കഞ്ചാവുമായി പിടികൂടി. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, കസബ എസ്.ഐ ജഗ് മോഹൻ ദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് 55 ഗ്രാം കഞ്ചാവുമായി ഇയാളെ പിടി കൂടിയത്.
.

.
വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 300, 500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. കഞ്ചാവ് വിൽപന നടത്തിയ 4680 രൂപയും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഡാൻസാഫ് എസ്. ഐ മനോജ് എടയേടത്ത്, അനീഷ് മുസ്സേൻവീട് സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സുനിൽകുമാർ, ജിതേന്ദ്രൻ, സക്കറിയ എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
.

.
സിഗരറ്റ് കൂടിൽ ഒളിപ്പിച്ച രീതിയിലെ കഞ്ചാവ് വില്പന
ബസ്സ്റ്റാൻ്റിൽ കഞ്ചാവ് വാങ്ങുന്നതിനായി യുവാക്കളും, വിദ്യാർത്ഥികളും എത്തുമ്പോൾ അവരിൽ നിന്നും പണം വാങ്ങിയശേഷം ബസ്സ് സ്റ്റാൻ്റിൻ്റെ ഏതെങ്കിലും ഭാഗങ്ങളിൽ ഉപേക്ഷിച്ച നിലയിലുള്ള ‘സിഗരറ്റ് കൂട് കാണിച്ച് സാധനം അതിൽ ഉണ്ടെന്ന് പറയും എന്നിട്ട് സിഗരറ്റ് കൂട് എടുത്തു പെട്ടന്ന് പോയ്ക്കോളാൻ പറയും.
.

.
പോലീസ് പിടികൂടാതിരിക്കാൻ കഞ്ചാവ് കയ്യിൽ വയ്ക്കാതെ ഈ രീതിയിലാണ് വിൽപന നടത്തുന്നത്. ലഹരിക്കെതിരെ റെയിൽവെ സ്റ്റേഷൻ പരിസരം, ബസ്സ്റ്റാൻ്റുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് നാർക്കോടിക് സെൽ അസി: കമ്മീഷണർ കെ. എ ബോസ് പറഞ്ഞു.
