KOYILANDY DIARY.COM

The Perfect News Portal

അബുദാബി ലുലുവിൽനിന്ന് പണം തട്ടി മുങ്ങിയ മലയാളി ജീവനക്കാരൻ പിടിയിൽ

അബുദാബി: അബുദാബി ലുലു ഹെെപ്പർ മാർക്കറ്റിൽനിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ മലയാളി ജീവനക്കാരൻ പിടിയിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഖാലിദിയ മാളിലെ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായിരുന്നു മുഹമ്മദ് നിയാസ്. ഒന്നര കോടിയോളം ഇന്ത്യൻ രൂപ (ആറ് ലക്ഷം ദിർഹം) യാണ് ഇയാൾ അപഹരിച്ചതെന്ന് ലുലു ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.

 മാർച്ച് 25ന് ഉച്ചയ്ക്ക്  നിയാസിനെ ഓഫീസിൽ  കാണാതായതോടെയാണ് അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നുള്ള  പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടുപിടിച്ചു.  നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു.

 

കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് നിയാസ് ജോലി ചെയ്യുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പമുണ്ടായിരുന്നു. സംഭവശേഷം ഭാര്യയും കുട്ടികളും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. പരാതിയിന്മേൽ ഉടനടി നടപടിയുണ്ടായതിൽ അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Advertisements
Share news