ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നു

കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നു. പാലക്കുളം ബസ്സ് സ്റ്റോപ്പിന് സമീപമാണ് വലിയ അറബിപുളി മരം അപകടകരമാംവിധം നിൽക്കുന്നത്. കെഎസ്ഇബിയുടെ 11 KV ലൈനും ട്രാൻസ്ഫോർമറും ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. കൂടാതെ നിനിരയായി പോകുന്ന വാഹനങ്ങളും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും, കാൽനടയാത്രക്കാരും, റേഡരികിലെ മത്സ്യ കച്ചവടക്കാരുടെയും ജീവന് ഭീഷണിയായിരിക്കുകയാണ് ഈ മരം. സമീപത്തുള്ള മറ്റു മരങ്ങളും അപകട ഭീഷണിയിലാണുള്ളത്.

ഏതു സമയത്തും കടപുഴകി വീഴുന്ന നിലയിലാണ് മരമുള്ളത്. അങ്ങിനെ സംഭവിച്ചാൽ വൻ ദുരന്തമാണ് ഉണ്ടാകുകയെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

