അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി
തലശേരി: അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി. കോഴിക്കോട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജുകളിൽനിന്നുള്ള സംഘമാണ് കോടതിയിലെത്തി രോഗലക്ഷണമുള്ളവരെ പരിശോധിച്ചത്. ജഡ്ജി അടക്കമുള്ളവരിൽ നിന്ന് മെഡിക്കൽസംഘം വിവരങ്ങൾ തേടി. കോടതിമുറികളടക്കം പരിശോധിച്ചു. രോഗലക്ഷണമുള്ളവരെ പരിശോധിച്ച് രജിസ്ട്രി തയ്യാറാക്കുമെന്ന് മെഡിക്കൽസംഘം അറിയിച്ചു.

കൂടുതൽ പേർക്ക്
രോഗബാധ
ചൊറിച്ചിൽ, പനി, ക്ഷീണം, സന്ധിവേദന എന്നിവ അനുഭവപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ രണ്ടുപേർ വ്യാഴാഴ്ച ചികിത്സതേടി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലും ഏതാനും പേർക്ക് അസുഖമുണ്ട്. അഡീഷണൽ ജില്ലാ സെഷൻസ്, പ്രിൻസിപ്പൽ സബ്കോടതി എന്നിവിടങ്ങളിലെ ന്യായാധിപർ ഉൾപ്പെടെ മുപ്പതോളം പേർ കഴിഞ്ഞ ദിവസം ചികിത്സതേടിയിരുന്നു. സ്പീക്കർ എ എൻ ഷംസീർ പബ്ലിക് പ്രോസിക്യൂട്ടറെ വിളിച്ച് വിവരങ്ങൾ തേടി.

പകർച്ചവ്യാധിയല്ലെന്ന്
നിഗമനം
കോടതിയിലല്ലാതെ പുറത്തുള്ളവർക്ക് സമാന ലക്ഷണങ്ങളുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്നും നിരീക്ഷിക്കുന്നു. ചിക്കുൻഗുനിയയുടെ ചില ലക്ഷണങ്ങളോട് സാമ്യമുണ്ടെങ്കിലും അതല്ലെന്നാണ് നിഗമനം. രോഗലക്ഷണമുള്ളവരുടെ വീട്ടുകാർക്കോ അടുപ്പമുള്ളവർക്കോ രോഗം ബാധിച്ചിട്ടില്ല. പകർച്ചവ്യാധിയല്ല എന്ന നിഗമനത്തിലാണ് മെഡിക്കൽസംഘം. രോഗം ബാധിച്ചവരുടെ രക്തം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ബുധനാഴ്ച അയച്ചിരുന്നു. ഫലത്തിന് കാത്തിരിക്കുകയാണ്. കൈകാലുകളിൽ നീര്, ചൊറിച്ചിൽ, പനി, കണ്ണുചുവപ്പ്, കണ്ണിന് നീറ്റൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

