കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ അരുണാചൽ പ്രദേശിൽനിന്ന് 60 അംഗ സംഘം

കോഴിക്കോട്: വിജയപാതയിൽ മുന്നേറുന്ന കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ അരുണാചൽ പ്രദേശിൽനിന്ന് 60 അംഗ സംഘം ജില്ലയിൽ. അരുണാചൽ സർക്കാരിൻറെയും വിവിധ കൂട്ടായ്മകളിലെയും പ്രതിനിധികളാണ് ഞായറാഴ്ച എത്തിയത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും കുടുംബശ്രീയുടെ പ്രവർത്തനരീതിയും മാതൃകയും നേരിട്ട് പഠിക്കുകയാണ് ലക്ഷ്യം. ജില്ലാ മിഷൻ അംഗങ്ങൾക്കൊപ്പം ബേപ്പൂരും ഒളവണ്ണയും ചേമഞ്ചേരിയുമാണ് ഇവർ സന്ദർശിക്കുക.

വിവിധ സർക്കാർ സ്ഥാപനങ്ങൾ, അങ്കണവാടി, ജനകീയ ഹോട്ടൽ, ജെൻഡർ റിസോഴ്സ് സെൻറർ, തൊഴിലുറപ്പ് സൈറ്റ്, വിവിധ കുടുംബശ്രീ സംരംഭങ്ങൾ എന്നിവ സന്ദർശിക്കും. പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, ആശ വർക്കർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അരുണാചൽ പ്രദേശ് സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷന് കീഴിൽ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, പഞ്ചായത്ത് പ്രാദേശിക റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ, ജില്ലാ തീമാറ്റിക് കോ ഓർഡിനേറ്റർമാർ, സംസ്ഥാന പ്രോജക്ട് കോ -ഓർഡിനേറ്റർ, ബ്ലോക്ക് മിഷൻ മാനേജർമാർ, മെന്റർമാർ എന്നിവരാണ് സംഘത്തിലുള്ളത്.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ സിന്ധു, ജില്ലാ പ്രോജക്ട് മാനേജർമാരായ നിഷിത, പ്രഷിത തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു. ഒമ്പതിന് സംഘം മടങ്ങും.
