ഫാം ടൂറിസം സർക്യൂട്ടിലെ കർഷകരിൽനിന്ന് കാർഷികപാഠങ്ങൾ അറിയാൻ വയനാട്ടിൽനിന്ന് സംഘമെത്തി

തിരുവമ്പാടി: ഫാം ടൂറിസം സർക്യൂട്ടിലെ കർഷകരിൽനിന്ന് കാർഷികപാഠങ്ങൾ ഉൾക്കൊള്ളാനും ശാസ്ത്രീയവും മനോഹരവുമായ ഫാം ആസ്വദിക്കാനും വയനാട്ടിൽനിന്ന് 110 അംഗ സംഘം തിരുവമ്പാടിയിലെത്തി. കൃഷിവകുപ്പിന്റെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യുടെ കർഷകർക്കായുള്ള പഠനയാത്രാ പദ്ധതിയുടെ ഭാഗമായാണ് സംഘം എത്തിയത്. പി ജെ ആന്റണിയുടെ ലെയ്ക് വ്യൂ ഫാം സ്റ്റേയിൽനിന്ന് സ്വാഭാവിക കുളത്തിലെ മത്സ്യകൃഷിയെക്കുറിച്ചും കർഷകോത്തമ ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ കാർമൽ അഗ്രോ ഫാമിൽനിന്ന് നാളികേര – സമ്മിശ്ര കൃഷി എന്നിവയെക്കുറിച്ചും സംഘം മനസ്സിലാക്കി.

ദേവസ്യ മുളക്കലിന്റെ അടുത്തുനിന്ന് ബഡ്ഡിങ്, ലെയറിങ്, ജോർജ് പനച്ചിക്കലിന്റെ അക്വാ പെറ്റ്സ് ഇന്റർനാഷണലിൽനിന്ന് ഹൈ ഡെൻസിറ്റി അലങ്കാര മത്സ്യകൃഷി ജോസ് പുരയിടത്തിലിൽനിന്ന് ശാസ്ത്രീയ ആടുകൃഷി എന്നിവയെക്കുറിച്ചും സംഘം പഠനം നടത്തി. താലോലം പ്രൊഡക്ട്‌സിലെ ബീന അജുവിൽനിന്ന് കാർഷിക ഉൽപ്പന്ന മൂല്യവർധനവിനെക്കുറിച്ചും സംഘം പരിജ്ഞാനം നേടി. ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ അമ്പിളി ആനന്ദ്, ഉദ്യോഗസ്ഥരായ വിജീഷ്, അഞ്ജലി, ജിഷ ബോസ്, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

