KOYILANDY DIARY.COM

The Perfect News Portal

അപൂർവരോഗ പരിചരണത്തിന്‌ സമഗ്രനയം രൂപീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: അപൂർവരോഗ പരിചരണത്തിന്‌ സമഗ്രനയം രൂപീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 42 നഗര ജനകീയാരോഗ്യ കേന്ദ്രം, 37 ഐസൊലേഷൻ വാർഡ്‌ എന്നിവയുടെയും അപൂർവരോഗ പരിചരണ പദ്ധതി കെയറിന്റെയും  ഉദ്‌ഘാടനവും കെയർ പദ്ധതി ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ അപൂർവരോഗ നയപ്രകാരം ദേശീയതലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിച്ച ആരോഗ്യസ്ഥാപനങ്ങളിൽ ഒന്ന്‌ തിരുവനന്തപുരം എസ്‌എടി ആശുപത്രിയാണ്‌. മൂന്നുകോടി രൂപയാണ്‌ കേന്ദ്രം അനുവദിച്ചത്‌. കേന്ദ്ര നയപ്രകാരം ഒരു രോഗിക്ക്‌ 50 ലക്ഷം രൂപവരെയുള്ള ചികിത്സ നൽകാം. പല രോഗങ്ങളുടെയും ചികിത്സയ്‌ക്ക്‌ ഈ തുക മതിയാകാത്ത സാഹചര്യത്തിലാണ്‌ സമഗ്രനയം രൂപീകരിക്കുന്നത്‌.

 

രോഗങ്ങൾ കണ്ടെത്തി പ്രതിരോധിക്കുക, തെറാപ്പിയും ചികിത്സാ ഉപകരണങ്ങളും ഉറപ്പാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങളും മാതാപിതാക്കൾക്ക്‌ മാനസിക സാമൂഹ്യ പിന്തുണയും നൽകുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങൾ. അതിന്റെ ഭാഗമായാണ്‌ അപൂർവരോഗ പരിചരണ പദ്ധതിയായ കെയർ പ്രഖ്യാപിക്കുന്നത്‌. ആരോഗ്യരംഗത്ത്‌ കേരളത്തിന്റെ മാതൃകാപരമായ മറ്റൊരു ചുവടുവയ്‌പാണിത്‌.

Advertisements

 

ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതെ പോകരുതെന്നാണ്‌ സർക്കാർ നിലപാട്‌. സമഗ്രവും സൗജന്യവുമായ ചികിത്സ എല്ലാവർക്കും ലഭ്യമാക്കാനാണ്‌ നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്‌. 250 കോടി രൂപ ചെലവിലാണ്‌ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നത്‌. 140 മണ്ഡലത്തിലും ഇതിനായി ആരോഗ്യസ്ഥാപനങ്ങളെ തെരഞ്ഞെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

 

ആരോഗ്യമന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യവകുപ്പ്‌ ഡയറക്ടർ കെ ജെ റീന, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ, ഡിഎംഒ ഡോ. ബിന്ദു മോഹൻ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ സ്വാഗതവും എൻഎച്ച്‌എം ഡയറക്ടർ കെ ജീവൻ ബാബു നന്ദിയും പറഞ്ഞു.

Share news