KOYILANDY DIARY.COM

The Perfect News Portal

‘സമന്വയ’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ സർവേയ്ക്ക് തുടക്കമായി

കോഴിക്കോട്‌: സാമൂഹികക്ഷേമം ഉറപ്പാക്കാനുള്ള കോർപറേഷന്റെ ‘സമന്വയ’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ സർവേയ്ക്ക് തുടക്കമായി. പൊറ്റമ്മൽ ചിന്മയ സ്‌കൂളിനുസമീപം സുമതിയുടെ വീട്ടിൽ മേയർ ബീന ഫിലിപ്പ്‌ സർവേ ഉദ്‌ഘാടനം ചെയ്‌തു. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, 60 വയസ്സിന്‌ മുകളിൽ പ്രായമുള്ളവർ എന്നിവരുടെ വിവരങ്ങളാണ്‌ ശേഖരിക്കുന്നത്. വ്യക്തിയെയും കുടുംബത്തെയും സംബന്ധിച്ച മുഴുവൻ വിവരങ്ങളുമെടുക്കും. വ്യക്തിയുടെ ജീവിതവും സാഹചര്യങ്ങളും വിലയിരുത്താൻ പാകത്തിലുള്ള ചോദ്യാവലിയാണ്‌ തയ്യാറാക്കിയത്‌. രണ്ടാഴ്‌ചക്കുള്ളിൽ സർവേ പൂർത്തിയാക്കി കെയർ കേരള വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും. 543 അങ്കണവാടി വർക്കർമാർ 1.40 ലക്ഷം വീടുകളിലാണ്‌ സർവേ നടത്തുക.

ഈ റിപ്പോർട്ട്‌ അനുസരിച്ചാണ്‌ വാതിൽപ്പടിക്കൽ സഹായങ്ങൾ എത്തിക്കുക. ക്ഷേമകാര്യ സമിതി ചെയർമാൻ പി ദിവാകരൻ, ആരോഗ്യസമിതി ചെയർപേഴ്‌സൺ എസ്‌ ജയശ്രീ, കൗൺസിലർ എം പി സുരേഷ്‌, ഹെൽത്ത്‌ ഓഫീസർ ഡോ. മുനവർ റഹ്‌മാൻ എന്നിവർ പങ്കെടുത്തു. വയോജന – ഭിന്നശേഷി സൗഹൃദവും അതിദരിദ്രരില്ലാത്തതുമായ നഗരത്തിനും കിടപ്പുരോഗികളുടെ പരിചരണത്തിനുമായി കോർപറേഷൻ നടപ്പാക്കുന്നതാണ്‌ ‘സമന്വയ’‌. ആരോഗ്യവകുപ്പിന്റെ കേരള കെയർ എന്ന ഓൺലൈൻ ഡിജിറ്റൽ ഗ്രിഡ് വഴിയാണ്‌ നടപ്പാക്കുന്നത്‌. മരുന്ന്, ഭക്ഷണം, സൗഹൃദ സന്ദർശനങ്ങൾ, ഹോം ഹെൽത്ത് ടീം-, ടെലി ഹെൽത്ത്‌, ശാരീരിക, മാനസിക പരിശോധനയും സാന്ത്വന പരിചരണവും, ആംബുലൻസ്‌ സേവനങ്ങൾ തുടങ്ങിയവയാണ് തൊട്ടരികിലെത്തുക.

 

Share news