KOYILANDY DIARY.COM

The Perfect News Portal

മന്ത്രി പി രാജീവിന്‍റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം കൊച്ചിയില്‍ പ്രകാശനം ചെയ്തു

മന്ത്രി പി രാജീവിന്‍റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം കൊച്ചിയില്‍ പ്രകാശനം ചെയ്തു. സി പി ഐ എം – പി ബി അംഗം എം എ ബേബിയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. പുസ്തക വില്‍പ്പനയിലൂടെ ആദ്യ ദിനം ലഭിച്ച തുക, വയനാടിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മന്ത്രി പി രാജീവ് നടത്തിയ പ്രസംഗങ്ങളില്‍ നിന്നും എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവ ക്രോഡീകരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സി പി ഐ എം പി ബി അംഗം എം എ ബേബി നിര്‍വ്വഹിച്ചു. സുനില്‍ പി ഇളയിടം ഏറ്റുവാങ്ങി. അനീതിക്കെതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് രാജീവിന്‍റെ ലേഖനങ്ങളെന്ന് എം എ ബേബി പറഞ്ഞു. സമത്വം നഷ്ടപ്പെടുമ്പോള്‍, മാനവികത അപ്രത്യക്ഷമാകുമ്പോള്‍ സോഷ്യലിസത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെയും പ്രസക്തി എന്താണ് എന്ന് ഈ പുസ്തകത്തില്‍ അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

 

പ്രൊഫ. എം കെ സാനു, സി എന്‍ മോഹനന്‍, മ്യൂസ് മേരി ജോര്‍ജ്ജ്, എന്‍ ഇ സുധീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പ്രകാശനച്ചടങ്ങിനിടെ വിറ്റ 100 പുസ്തകങ്ങളുടെ തുക ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പുസ്തക പ്രകാശന വേദിയില്‍ വെച്ച് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനകള്‍ മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.

Advertisements
Share news