ആഹാര വിഹാരാദികളിൽ മാറ്റം വരുത്തിയാൽ വാർദ്ധക്യവും ആനന്ദകരമാക്കാം
ആഹാര വിഹാരാദികളിൽ മാറ്റം വരുത്തിയാൽ വാർദ്ധക്യവും ആനന്ദകരമാക്കാമെന്ന് സെൻ ലൈഫ് ആശ്രമം ഡയരക്ടർ യോഗാചാര്യ വി. കൃഷ്ണകുമാർ പറഞ്ഞു. വയോജനങ്ങൾക്കായി സെൻലൈഫ് ആശ്രമം നടപ്പിലാക്കുന്ന സോർബ പദ്ധതിയുടെ ഏകദിന ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം ലഭിച്ച തബല കലാകാരൻ ശിവദാസ് ചേമഞ്ചേരിയെ ആദരിച്ചു. കെ. പി. സുകുമാരൻ്റെ അമർനാഥ് യാത്രാ വിവരണം, ശിവദാസ് പൊയിൽക്കാവ് അവതരിപ്പിച്ച നാടൻ പാട്ടുകൾ, കലാമണ്ഡലം ദിയാദാസ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം എന്നിവ ശ്രദ്ധേയമായി.


കെ.വി ദീപ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. പ്രസീത, മനു നിർമലാനന്ദ എന്നിവർ സംസാരിച്ചു. നൂറിലേറെപ്പേർ ശില്പശാലയിൽ പങ്കെടുത്തു. പ്രകൃതി ജീവന വിധി പ്രകാരം തയ്യാറാക്കിയ പ്രാതലും ഉച്ചഭക്ഷണവും ശില്പശാലയെ വ്യത്യസ്തമാക്കി.




