KOYILANDY DIARY.COM

The Perfect News Portal

മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്; പ്രതികൾക്ക് മൂന്നരവർഷം തടവ്

പറവൂർ: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾക്ക് മൂന്നരവർഷം തടവ്. അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറവീട്ടിൽ രാജേഷ് (46), ചങ്ങനാശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്‌കുമാർ (40) എന്നിവരെയാണ് പറവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി മജിസ്ട്രേട്ട്‌ ആർ പ്രലിൻ മൂന്നരവർഷം തടവിന് ശിക്ഷിച്ചത്. 10,000 രൂപവീതം ഇരുവരും പിഴയൊടുക്കണം.

2022 നവംബർ ഒന്നിനാണ് സംഭവം. പെരുവാരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ മഷിനോട്ടം നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ ജ്യോതിഷകേന്ദ്രത്തിൽ മഷിനോട്ടത്തിനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. ഇരുവരും ചേർന്ന് വിജയനെ തോർത്തുകൊണ്ട് കെട്ടിയിട്ടശേഷം മർദിച്ചവശനാക്കി കൈവശമുണ്ടായിരുന്ന എട്ടുപവന്റെ ആഭരണങ്ങൾ കവർന്നശേഷം കടന്നുകളയുകയായിരുന്നു. മജിസ്ട്രേട്ട്‌ ആർ പ്രലിൻ വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി ലെനിൻ പി സുകുമാരൻ ഹാജരായി.

Share news