KOYILANDY DIARY.COM

The Perfect News Portal

കുതിരാന്‍ പാലത്തിന് മുകളില്‍ കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: കുതിരാന്‍ പാലത്തിന് മുകളില്‍ കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.നിയന്ത്രണം വിട്ട കാര്‍ ട്രെയിലര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ബാംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. 

കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന വ്യക്തിയുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മിഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.

 കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തൃശൂര്‍ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisements
Share news