KOYILANDY DIARY

The Perfect News Portal

പുതിയാപ്പ ഹാർബറിൽ മത്സ്യക്കുഞ്ഞുങ്ങളെ വിൽപ്പനക്കെത്തിച്ച ബോട്ട് പിടികൂടി

എലത്തൂർ: മത്സ്യക്കുഞ്ഞുങ്ങളെ വിൽപ്പനയ്ക്ക് എത്തിച്ച കൊല്ലം നീണ്ടകരയിലെ ബോട്ട് എലത്തൂർ തീരദേശ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പുതിയാപ്പ ഹാർബറിൽ നിന്നാണ് ബോട്ട് പിടിച്ചത്. 700 ഓളം പെട്ടികളിൽ സൂക്ഷിച്ച 28 ടൺ തളയൻ കുഞ്ഞുങ്ങളാണ് (റിബൺ ഫിഷ്) ബോട്ടിൽ ഉണ്ടായിരുന്നത്. ഒമ്പതുലക്ഷത്തോളം രൂപ വില വരുമെന്നാണ് വിവരം.

20 മുതൽ 34 സെൻ്റീമീറ്റർ വലുപ്പം മാത്രമാണ് കണ്ടെടുത്ത മത്സ്യക്കുഞ്ഞുങ്ങൾക്കുള്ളത്. 46 സെൻ്റീമീറ്ററിൽ കുറഞ്ഞ തളയനെയും മറ്റുമീനുകളെയും പിടിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. നിയമം ലംഘിച്ചവരിൽ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പിഴ ഈടാക്കും.

ബോട്ടും മത്സ്യവും ഫിഷറീസ് വകുപ്പിന് കൈമാറി. ആലപ്പുഴ തൃക്കുന്നപ്പുഴ പള്ളന സ്വദേശി അജിതൻ്റെ ഉടമസ്ഥതയിലുള്ള ‘ശ്രീരാമരഥം’ എന്ന ബോട്ടാണ് പിടികൂടിയത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ കെ. എ. ലബീബ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ തൊഴിലാളികളും തീരദേശ പോലീസും ചേർന്ന് കടലിൽ തള്ളി.

Advertisements