KOYILANDY DIARY

The Perfect News Portal

14 കാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

കായംകുളം: പതിനാലുകാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് ജിജി (47) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്. മെയ 19ന് വൈകുന്നേരം അഞ്ചരക്ക് ആക്രി സാധനങ്ങൾ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും അനുജനേയും തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റു ചെയ്ത് റിമാൻഡിലായിരുന്ന മനോജിന് അടുത്ത ദിവസം ജാമ്യം ലഭിച്ചു.
വാക്കുതർക്കത്തിനിടെ 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരുക്കേൽപ്പിച്ചതായി കാണിച്ച് മനോജും പൊലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. മനോജിൻ്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.