KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് പത്താം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം

എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. ചിന്മയ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം തകരുകയും പല്ലിളകുകയും ചെയ്തു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

ഇക്കഴിഞ്ഞ മൂന്നിനാണ് സംഭവം. തൃപ്പൂണിത്തുറ ചിന്മയ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്‌ക്കൂളിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍വെച്ചായിരുന്നു ആക്രമണം. മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുന്‍നിരയിലെ പല്ലിന്റെ അഗ്രഭാഗം പൊട്ടുകയും രണ്ട് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തതായി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

 

പരുക്കേറ്റ കുട്ടിയെ ആദ്യം തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പിന്നീട് വൈക്കത്തെ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളും ഒരു പത്താം ക്ലാസുകാരനും ഉള്‍പ്പടെ 5 പേര്‍ക്കെതിരെ ഹില്‍പാലസ് പോലീസ് കേസെടുത്തു. മര്‍ദനത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. എഫ്‌ഐ ആറിലെ ഒന്നാം പ്രതിയായ പ്ലസ്ടു വിദ്യാര്‍ത്ഥി, പരാതിക്കാരനായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പ്രണയത്തില്‍ നിന്ന് പിന്‍മാറി. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് മര്‍ദിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Advertisements
Share news