സുനന്ദ പുഷ്ക്കറിന്റെ മരണം ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പും ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
2014 ജനുവരി 17നാണ് തെക്കന്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദ മരിച്ചതു വിഷം ഉള്ളില്‍ ചെന്നുതന്നെയാണെന്നും എന്നാല്‍, ആണവ ശേഷിയുള്ള പദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് മേധാവി ബി എസ് ബസി സ്ഥിരീകരിച്ചിരുന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കമ്മീഷണറുടെ സ്ഥിരീകരണം. ഈ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തരൂരിന്റെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുവരെയുള്ള തെളിവുകള്‍ മരണം അസ്വാഭാവികമാണെന്നുതന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.

