കെ ബാബു രാജികത്ത് പിന്‍വലിക്കാനൊരുങ്ങുന്നു
കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി നിര്ബന്ധിക്കുമ്പോള് അനുസരിക്കാതിരിക്കാനാവില്ല. മന്ത്രി സ്ഥാനം ഒട്ടും മോഹിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കില്ലാത്ത ഒരു ഇമേജ് തനിക്ക് വേണമെന്നില്ല. അങ്ങിനെ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും ശരിയല്ല.
വിജിലന്‍സ് കോടതിയുടെ പരാമര്‍ശം വന്നപ്പോള്‍ ധാര്‍മ്മികതയുടെ പേരിലാണ് രാജി നല്‍കിയത്. ആ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അപ്പോള്‍ തന്നെ രാജി പിന്‍വലിക്കാന്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രിയുടെ കാര്‍ വിട്ടുകൊടുക്കുകയും ഔദ്യോഗിക വസതി ഒഴിയുവാനുമാണ് ശ്രമിച്ചത്്. എംഎല്‍എ ഹോസ്റ്റലില്‍ മുറിക്കും അപേക്ഷ കൊടുത്തു. എന്നാല്‍ യുഡിഎഫ് യോഗം ചേര്‍ന്ന് തിരിച്ചു വരണമെന്ന് അറിയിച്ചപ്പോള്‍ നിരാകരിക്കാന്‍ സാധിക്കില്ലെന്നും ബാബു പറഞ്ഞു.

ജനുവരി 23നാണ് ബാര്‍ കോഴയില്‍ വിജിലന്‍സ് കോടതി ബാബുവിനെതിരെ എഫ്ഐആര്‍ എടുത്ത് അന്വേഷണം നടത്താനും 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവായത്. അന്ന് തന്നെ ബാബു രാജി നല്കി. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും ആര്യാടന് മുഹമ്മദിനും എതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരുവരും രാജിവെച്ചില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ബാബുവിന്റെ രാജി നിരസിക്കാന്‍ തീരുമാനിച്ചത്.

