KOYILANDY DIARY

The Perfect News Portal

കോവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വ്യാപിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് കേരളത്തിലെയും മാറ്റം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേക്കും മാസ്‌കിന്റെ കാര്യം വരെ ആളുകള്‍ മറന്നിരുന്നു. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ദ്ധനയുണ്ടാവുമെന്നാണ് സൂചന.

ദേശീയ നേതാക്കള്‍ പങ്കെടുത്ത പൊതുറാലികള്‍ക്ക് ജനം ഇരച്ചുകയറുകയായിരുന്നു. അവസാനദിവസങ്ങളിലെ റോഡ് ഷോകളിലും ആളുകള്‍ തിങ്ങിക്കൂടി. കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുമ്ബോഴും ബാന്‍ഡ് മേളത്തിനൊപ്പം ആടിത്തിമിര്‍ക്കുമ്ബോഴും ശാരീരിക അകലം പോയിട്ട്, മുഖത്ത് മാസ്കിന് പോലും സ്ഥാനമുണ്ടായില്ല. വീടു കയറിയിറങ്ങുന്ന പ്രചാരണത്തിന് അഞ്ചു പേരില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയൊക്കെ എപ്പോഴേ കാറ്റില്‍ പറന്നിരുന്നു. മുന്നണിഭേദമന്യേ ബഹുഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും മാസ്ക് താടിയ്ക്ക് താഴെ തന്നെയായി.

മറ്റെല്ലാം മറന്ന് ബീച്ചുകളിലുള്‍പ്പെടെ സായാഹ്നം ആസ്വദിക്കാന്‍ എത്തിയവരും അവധികള്‍ ആഘോഷമാക്കാന്‍ ഷോപ്പിംഗിനിറങ്ങിയവരും വിനോദയാത്ര സംഘങ്ങളുമെല്ലാം കൊവിഡ് കേസുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. കൊവിഡ് വാക്സിന്‍ എടുത്തവരും എടുക്കാത്തവരും ഒരു പോലെ കരുതേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. മാസ്കും സാനിറ്റെസറും കൈവിടരുത്. സാമൂഹിക അകലം പാലിക്കുകയും വേണം. വിഷു പടിവാതിലില്‍ എത്തിയിരിക്കെ, വിപണിയില്‍ അതിന്റെ തിരക്ക് കൂടിയാവുമ്ബോള്‍ സ്ഥിതി ഒന്നുകൂടി വഷളാകുമോ എന്ന ആശങ്കയുണ്ട് ആരോഗ്യ വകുപ്പുകാര്‍ക്ക്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നതും നീങ്ങുന്നതും തികഞ്ഞ ജാഗ്രതയോടെയായിരിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *