KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

പിണറായി: എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നു. എന്നാല്‍, ഇതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കളഞ്ഞിരുന്നു. ജനങ്ങള്‍ ഇതേ സമീപനമാണ് ഈ തെരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ സ്വീകരിച്ചത്.

ഇതിന്റെ തുടര്‍ച്ചയായി ഇന്ന് അന്തിമ വിധി രേഖപ്പെടുത്തും. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമാണെന്നും പിണറായി പറഞ്ഞു. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം ജനങ്ങള്‍ നിന്നിട്ടുണ്ട്. ദുരന്തങ്ങളെയും മഹാമാരിയെയും നേരിടാനും പിന്തുണയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും പലതും പയറ്റിനോക്കി. ഈ തെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ ശക്തമായാണ് കളിച്ചത്. ബോംബ് പൊട്ടിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. കരുതിവച്ചത് പുറത്തെടുക്കാനായോ എന്നറിയില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞതാണ്.

മറ്റെവിടെയൊക്കെയാണ് യുഡിഎഫും ബിജെപിയും ധാരണയുണ്ടാക്കിയതെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാനാവൂ. ജനങ്ങള്‍ കൃത്യമായി ബോധ്യമുള്ളവരാണ്. അയ്യപ്പനടക്കമുള്ള ദേവഗണങ്ങളും ആരാധനാമൂര്‍ത്തികളും സര്‍ക്കാരിനോടൊപ്പമാണെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ ദേവഗണങ്ങളും ഉണ്ടാവുക. എല്‍ഡിഎഫിന്റെ ജനകീയാടിത്തറ വിപുലമാണെന്നും പിണറായി പറഞ്ഞു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *