KOYILANDY DIARY

The Perfect News Portal

ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഡൽഹി: ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തരംഗമുണ്ടായപ്പോള്‍ അത് രൂക്ഷമാകുമെന്ന മുന്നറിയിപ്പ് നല്‍കിയത് സൂത്ര എന്ന ഗണിതശാസ്ത്രപരമായ പ്ലാനിലൂടെയായിരുന്നു. ഇതേ രീതി വെച്ച്‌ കാണ്‍പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്ന് ഐഐടിയിലെ മനീന്ദ്ര അഗര്‍വാളും പറയുന്നു.

ഏപ്രില്‍ 15 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുതിച്ച്‌ ഉയരുമെന്നാണ് കണ്ടെത്താന്‍ സാധിച്ചതെന്ന് അഗര്‍വാള്‍ പറയുന്നു. അതേസമയം അതിന് ശേഷം കേസുകള്‍ കുറഞ്ഞ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വേഗത്തിലായിരിക്കും കേസുകള്‍ കുറയുക. മെയ് അവസാനത്തോടെ ഏറ്റവും കുറഞ്ഞ തോതിലേക്ക് കൊവിഡ് കേസുകള്‍ എത്തുമെന്നും മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ നിലയില്‍ ഒരു ദിവസം എത്ര കേസുകള്‍ വരെ വരുമെന്ന് പറയുക ബുദ്ധിമുട്ടാണ്. ഒരു ലക്ഷം കേസുകളില്‍ കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ അത് ഏപ്രില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.

അതേസമയം പഞ്ചാബിലായിരിക്കും നിലവിലെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി അലയടിക്കുക. പിന്നീട് അത് മഹാരാഷ്ട്രയായിരിക്കും. അടുത്ത കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഞ്ചാബില്‍ അതിരൂക്ഷമായ വര്‍ധനവ് കാണാന്‍ സാധിക്കും. ഓരോ ദിവസവും കേസുകളുടെ കുറവിലുള്ള ചെറിയ വ്യത്യാസം വരെ വലിയ തരത്തില്‍ മാറ്റങ്ങളുണ്ടാക്കാനും. ഓരോ സംസ്ഥാനത്തും ചെറിയ തോതിലാണ് വര്‍ധനവെങ്കില്‍ കൂടി അത് മൊത്തത്തില്‍ വലിയ തരത്തില്‍ ഉയര്‍ന്നേക്കാം. മറ്റ് ശാസ്ത്രജ്ഞരും ഏപ്രിലില്‍ തന്നെയാണ് കൊവിഡ് കേസുകള്‍ പീക്കിലെത്താന്‍ സാധ്യതയുള്ളതായി പറയുന്നത്.

Advertisements

ഇത്തരം കണക്കുക്കൂട്ടലുകള്‍ ഹ്രസ്വ കാലത്തേക്ക് മാത്രമേ വിശ്വസിക്കാനാവൂ എന്ന് അശോക യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ ഗൗതം മേനോന്‍ പറയുന്നു. അഞ്ച് ദിവസ കാലയളവിലേക്ക് ഇത് ശരിയായിരിക്കും. ഒരു വ്യക്തി എത്ര സമ്ബര്‍ക്കം പുലര്‍ത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ വര്‍ധനവ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. അതേസമയം കൂടുതലും രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. അതേസമയം ഒരുലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ കടുത്ത തോതിലാണ് രോഗവ്യാപനം. മുംബൈയില്‍ മാത്രം 11163 കേസുകള്‍ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *