KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗം ആരംഭിച്ചു: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനാലും, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് കാണാത്തതിനാലും നമ്മള്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ നാട്ടില്‍ രോഗബാധിതരകാത്ത ആളുകള്‍ ധാരാളമുള്ളതിനാല്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും.

അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്സിന്‍ വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്താണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുന്‍പ് പരമാവധി ആളുകള്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേ സമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക പരത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യചത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗ സാധ്യത തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗം പകരുന്നതിന്റെ വേഗവും കുടുന്നതിന് അനുസരിച്ചാണ് രണ്ടാം തരംഗം കണക്കാക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 1500 നും 2000നും ഇടയിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ സംവിധാനങ്ങളില്ലാതെ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ജനം കൂട്ടം കൂടുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കാനുള്ള സാധ്യതയുണ്ട്.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *