KOYILANDY DIARY

The Perfect News Portal

കന്യാകുമാരിയിലെ ഉദയാസ്തമയങ്ങള്‍

കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്‌. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പാണ് കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് ഈ അത്ഭുതഭൂമി.

വടക്കുപടിഞ്ഞാറും പടിഞ്ഞാറും കേരളം, വടക്കും കിഴക്കും തിരുനെല്‍വേലി ജില്ല എന്നിങ്ങനെയാണ് കന്യാകകുമാരിയുടെ അതിര്‍ത്തികള്‍. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് 85 കിലോമീറ്റര്‍ ദൂരമേയുള്ളൂ. മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി.

കന്യാകുമാരിയിലെ കൌതുകങ്ങള്‍

കലാകാരന്മാരും സര്‍ഗചിന്തകരുമല്ലാത്തവര്‍ക്ക് ഒരുപക്ഷേ കന്യാകുമാരി കാഴ്ചകളില്‍ ചന്തം കാണാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ മനോഹരമായ ബീച്ചുകളും ക്ഷേത്രങ്ങളും തീര്‍ത്ഥാടകരെ മാത്രമല്ല ലവ് ബേര്‍ഡ്‌സിനെ വരെ ആകര്‍ഷിക്കുന്നതാണ്.വിവേകാനന്ദപ്പാറ, വട്ടകൊട്ടൈ കോട്ട, പത്മനാഭപുരം കൊട്ടാരം, തിരുവള്ളുവര്‍ പ്രതിമ,  ഉദയഗിരിക്കോട്ട, ഗാന്ധിമ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.

Advertisements

കന്യാകുമാരി ക്ഷേത്രം, ചിത്താരല്‍ ഹില്‍ ടെംപിള്‍, ജൈന സ്മാരകങ്ങള്‍, നാഗരാജ ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, തിരുനന്തിക്കര നന്ദി ക്ഷേത്രം എന്നിവയാണ് കന്യാകുമാരിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

കുടുംബവും സുഹൃത്തുക്കളുമായി എത്തുന്നവര്‍ക്ക് പ്രിയം കന്യാകുമാരിയിലെ ബീച്ചുകളാണ്. ശംഖുത്തര ബീച്ച്, തെങ്കപ്പട്ടണം ബീച്ച്, ചോതാവിളൈ ബീച്ച് തുടങ്ങിയവയാണ് കന്യാകുമാരിയിലെ പ്രമുഖ ബീച്ചുകള്‍.

കന്യാകുമാരിയുടെ ചരിത്രത്തിലേക്ക്

കലയുടെയും മതത്തിന്റെയും മാത്രമല്ല, ഏറെക്കാലം മുന്‍പ് തന്നെ വിദേശ രാജ്യങ്ങളുമായി കച്ചവടത്തിന്റെ വെച്ചുമാറ്റങ്ങളുടെ പേരിലും ശ്രദ്ധേയമായ ഇടമാണ് കന്യാകുമാരി. പാണ്ഡ്യര്‍, ചോളര്‍, നായക്കന്മാര്‍, ചേരര്‍ എന്നിങ്ങനെ നിരവധി രാജവംശങ്ങളുടെ കീഴിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട് ഈ നഗരത്തിന്. പത്മനാഭപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന വേണാട് രാജാക്കന്മാരുടെ കീഴിലായിരുന്നു കുറേക്കാലം കന്യാകുമാരി. 1729 – 58 കാലഘട്ടത്തില്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് തിരുവിതാകൂര്‍ സ്ഥാപിച്ചപ്പോള്‍ കന്യാകുമാരി അടക്കമുള്ള പ്രദേശങ്ങള്‍ തെക്കന്‍ തിരുവിതാംകൂര്‍ എന്ന് അറിയപ്പെട്ടു. പിന്നീട് ഇത് ബ്രീട്ടീഷ് ഭരണത്തിന്റെ കീഴിലായി, സ്വാതന്ത്രാനന്തരം ഇന്ത്യന്‍ യൂണിയന്‍ സ്ഥാപിതമായപ്പോള്‍ തിരുവിതാംകൂറും ഒപ്പം കന്യാകുമാരിയും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.

ജനങ്ങളും സംസ്‌കാരവും

കല, സംസ്‌കാരം, സാമ്പത്തികം, ചരിത്രം തുടങ്ങിയ മേഖലകളില്‍ എല്ലാം പ്രശസ്തമാണ് കന്യാകുമാരി. എല്ലാ മതവിഭാഗത്തിലുള്ളവരും സാഹോദര്യത്തോടെ ഇവിടെ കഴിയുന്നു. മനോഹരമായ പള്ളികളും അമ്പലങ്ങളും മോസ്‌കുകളും ഈ നഗരത്തിന്റെ സംസ്‌കാരത്തിനും കാഴ്ചകള്‍ക്കും മോടി കൂട്ടുന്നു. കഥകളിക്കും പ്രശസ്തമായ സ്ഥലമാണ് കന്യാകുമാരി. നവരാത്രിയും ചൈത്രപൂര്‍ണിമയും പള്ളിപ്പെരുന്നാളുകളുമാണ് കന്യാകുമാരിയുടെ പ്രധാന ആഘോഷങ്ങള്‍.

ഷോപ്പിംഗ്

ഷോപ്പിംഗ് പ്രിയര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങളൊന്നുമില്ല കന്യാകുമാരിയില്‍. എന്നാലും പ്രിയപ്പെട്ടവര്‍ക്കായി കന്യാകുമാരിയുടെ ഓര്‍മ നിലനിര്‍ത്താനുതകുന്ന ചില സാധനങ്ങളും ഇവിടെ വാങ്ങാന്‍ കിട്ടും. എഴുതിയും വരച്ചും മോടി കൂട്ടിയ കക്കത്തോടുകളാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരാകര്‍ഷണം. മുളയിലും മറ്റും ഉണ്ടാക്കിയ കരകൗശലവസ്ത്തുക്കളും ഇവിടെ കിട്ടും. റോഡരികില്‍നിന്നും ഇവിടെ സാധനങ്ങള്‍ വാങ്ങാം.

കടല്‍വിഭവങ്ങളാണ് കന്യാകുമാരിയുടെ പ്രത്യേകത. നല്ല എരിവുള്ള ഭക്ഷണമാണ് ഇവിടത്തേത്. എരിവും തേങ്ങയുമാണ് ഇവിടത്തെ ഭക്ഷണത്തിന്റെ പ്രത്യകത തന്നെ. വട, ഇഡ്ഡലി, ദോശ, ഊത്തപ്പം പോലുള്ള തെക്കേയിന്ത്യന്‍ ഭക്ഷണങ്ങളാണ് ഇവിടെ അധികവും ലഭിക്കുക. ചൈനീസ്, രാജസ്ഥാനി, ഗുജറാത്തി ഭക്ഷണവും ഇവിടെ കിട്ടും.

കന്യാകുമാരിയില്‍ എങ്ങനെയെത്തും

തിരുവനന്തപുരമാണ് കന്യാകുമാരിക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ടാക്‌സിയിലോ ബസ്സിലോ കന്യാകുമാരിയില്‍ എത്താം. പ്രൈവറ്റ് ടാക്‌സിയിലോ മറ്റുവാഹനങ്ങളിലോ നഗരം ചുറ്റിക്കാണാം.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് കന്യാകുമാരി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ജൂണ്‍ മുതല്‍ ആഗസ്്ത് വരെയുള്ള മഴക്കാലം കന്യാകുമാരി സന്ദര്‍ശനത്തിന് യോജിച്ചതല്ല.