മരിച്ചുപോയെന്ന് കരുതി മകളുടെ മൃതദേഹം കാത്ത് അമ്മ; മോര്‍ച്ചറിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡി: കോളേജ് മോര്‍ച്ചറിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍ ആയിരുന്നു. മരിച്ചുപോയെന്ന് കരുതി മകളുടെ മൃതദേഹം കാത്ത് നിന്ന അമ്മ, മകള്‍ തിരിച്ച് വന്നതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമാണ്.പട്ടാമ്പി സ്വദേശി ധനലക്ഷ്മി മരിച്ചു എന്ന തെറ്റായ വിവരത്തെതുടര്‍ന്നാണ് ബന്ധുക്കള്‍ മോര്‍ച്ചറിക്ക് മുന്നില്‍ കാത്ത് നിന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വര്‍ക്കലയില്‍ വച്ച് അയിരൂര്‍ സ്വദേശി ബൈജുവും ധനലക്ഷ്മിയും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ ബൈജു തല്‍ക്ഷണം മരിച്ചു. എന്നാല്‍ ധനലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡി:കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച 12 മണിയോടെ ധനലക്ഷ്മി മരിച്ചതായി വര്‍ക്കല പെലീസ് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് മൃതദേഹം ഏറ്റുവങ്ങാന്‍ ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ എത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ധനലക്ഷ്മി മരിച്ചിട്ടിലെന്ന കാര്യം ബന്ധുക്കള്‍ അറിയുന്നത്. മകള്‍ ജീവിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും നടപടിയില്‍ ബന്ധുക്കള്‍ക്ക് പ്രതിഷേധമുണ്ട്.

