കൊയിലാണ്ടിയുടെ വിനീത ദാസനായി വീണ്ടും.. ?
കൊയിലാണ്ടിയുടെ വിനീത ദാസനായി വീണ്ടും.. കെ. ദാസൻ ? നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ശക്തമായി നടത്തുന്നതിനിടയിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്.ൽ തർക്കം ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. സോഷ്യൽ മീഡിയായിലും മുഖ്യധാര മാധ്യമങ്ങളിലും നിലവിലുള്ള എം.എൽ.എ. കെ. ദാസൻ്റെ ജനപ്രീതിതന്നെയാണ് ചർച്ചചെയ്യപ്പെടുന്നത്. ഇടത് മുന്നണിക്ക് കൊയിലാണ്ടിയുടെ കാര്യത്തിൽ മറുവട്ടം ചിന്തിക്കേണ്ടി വരില്ലെന്നാണ് നാടിൻ്റെ പൾസ് കൃത്യമായി മനസിലാക്കിയ സോഷ്യൽ മീഡിയായുടെയും മറ്റ് ആശയവിനിമയ ശൃംഖലയിലൂടെയും കഴിഞ്ഞ രണ്ട് മാസത്തോളമായി നമുക്ക് കാണാൻ സാധിക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും സംസ്ഥാനത്തെ ഇടതു മുന്നണിയുടെ നിലപാടിൽ വിജയ സാധ്യതയും തുടർ ഭരണവും മാത്രമാണ് മുന്നിലുള്ള പ്രധാന അജണ്ട. മാനദണ്ഡങ്ങൾക്ക് അയവ് വരുത്തി കെ. ദാസനാണ് കൊയിലാണ്ടിയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയെങ്കിൽ യു.ഡി.എഫിൽ നിന്ന് പലരും മത്സര രംഗത്ത് നിന്ന് പിറകോട്ട് പോകും എന്നാണ് അറിയുന്നത്. രണ്ട് തവണ മത്സരിച്ചവർക്ക് അവസരം ഉണ്ടാകില്ല എന്ന ചർച്ച വന്നപ്പോഴാണ് മുല്ലപ്പള്ളിയും, സുബ്രഹ്മണ്യനും, കെ.പി അനിൽ കുമാറും, യു. രാജീവനും കൊയിലാണ്ടിയിലേക്ക് കുപ്പായമിട്ട് ഇറങ്ങിയത്. എന്നാൽ കെ. ദാസൻ തന്നെയാകും എൽ.ഡി.എഫ്. സ്ഥാനാർത്ഥി എന്ന ചർച്ച സജീവമായതോടെ കുപ്പായമിട്ടവർ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കാറാനുള്ള കരുക്കൾ നീക്കിക്കഴിഞ്ഞു. മുല്ലപ്പള്ളി തീരെ മത്സരിക്കാനില്ലെന്നാണ് ഒടുവിൽ പറഞ്ഞിട്ടുള്ളത്. ഇതോടെ കെ.എസ്.യു. അഖിലേന്ത്യാ നേതാവ് അഭിജിത്തിൻ്റെ പേരാണ് യു.ഡി.എഫിൽ നിന്ന് ഉയർന്ന് വരുന്നത്.

കഴിഞ്ഞ രണ്ട് തവണ കൊയിലാണ്ടിയുടെ നഗരസഭ ചെയർമാനായും, രണ്ട് തവണ കൊയിലാണ്ടിയുടെ എം.എൽ.എ.യായും അതിലുപരി ട്രേഡ് യൂണിയൻ രംഗത്തും നടത്തിയ ഇടപെടൽ കെ. ദാസനെ പകരക്കാരനില്ലാത്ത നേതാവാക്കി മാറ്റിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും കെ. ദാസൻ്റെ ഭൂരിപക്ഷം കുത്തനെ വർദ്ധിക്കുന്നതും ശ്രദ്ധേയമാണ്. അത് തന്നെയാണ് യു.ഡി.എഫിനെയും എൻ.ഡി.എ.യെയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. കൊയിലാണ്ടിയിൽ എൽ.ഡി.എഫി.ൻ്റെ സ്ഥാനാർത്ഥി പ്രഖ്യപനത്തിന് ശേഷമാകും മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യപനം എന്നാണ് വ്യക്തമാകുന്നത്.

