തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ തന്നെ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും നീണ്ട നിരയാണുള്ളത്. ആദ്യ മണിക്കുറില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്.
ആദ്യ രണ്ട് മണിക്കൂറില്‍ തിരുവനന്തപുരത്ത് 15.6 ശതമാനമാണ് പോളിങ് പത്തനം തിട്ടയില്‍ 17.8 ശതമാനവും കൊല്ലത്ത് 17 ശതമാനവും രേഖപ്പെടുത്തി. ആലപ്പുഴയില്‍ 17.62 ഉം ഇടുക്കിയില്‍ 16.19 ഉം രേഖപ്പെടുത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് രാവിലെ 7ന് തന്നെ വോട്ടെടുപ്പ് തുടങ്ങിയത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് അല്പനേരം വോട്ടിങ് വൈകിച്ചു. ആലപ്പുഴയില്‍ 7 ഇടത്തും പത്തനം തിട്ടയില്‍ രണ്ടിടത്തും വോട്ടിങ് യന്ത്രം തകരാറിലായി.

88,26,620 വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളില്‍ എത്തുക. ആലപ്പുഴയില്‍ 7 ഇടത്ത് വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ അല്പനേരം ബാധിച്ചു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രം തകരാറിലായി.

റാന്നിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു. നാറാണാം മൂഴിയില്‍ പുതുപറമ്ബില്‍ മത്തായിയാണ് മരിച്ചത്.
കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യം. തിങ്കളാഴ്ച പകല്‍ മൂന്നിനുള്ളില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട എല്ലാവര്ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കും.
പകല്‍ മൂന്നിനുശേഷവും ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവര്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനുമുമ്പ് ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തശേഷം ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം. പ്രത്യേകം നാമനിര്‍ദേശം ചെയ്യപ്പെട്ട ഹെല്‍ത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഇവര്‍ പോളിങ് സ്റ്റേഷനില്‍ കയറും മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം.
