നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം

കാസര്‍കോട് > സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

‘നവകേരള മാര്‍ച്ച്’ കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു. ‘മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം’ മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും കാരാട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ യുഡിഎഫ് ഇറക്കിയ പൂഴിക്കടകനാണ് ലാവ്ലിന്‍കേസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കറിയാം. എല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

സമാധാന പരമായി സമരമാര്‍ഗങ്ങളിലൂടെ ഗാന്ധിജിക്ക് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞ നാട്ടില്‍ രാജ്യത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് അധികനാള്‍ ഭരണത്തില്‍ തുടരാനാകില്ലെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ഇന്ത്യയുടെ തെക്കേയറ്റത്ത് തുടങ്ങി രാജ്യമാകെ വ്യാപിക്കും. അത് ഇടതുപക്ഷ മതനിരപേക്ഷ ശക്തികള്‍ക്ക് രാജ്യം ഭരിക്കാന്‍ വഴിയൊരുക്കുമെന്നും വി എസ് പറഞ്ഞു. കള്ളപ്രചരണങ്ങള്‍ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അതിനെതിരെ ശക്തമായ ജനകീയ വേലിയേറ്റമാണ് ഉണ്ടാകുന്നതെന്നും വി എസ് ചൂണ്ടിക്കാട്ടി.
ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കണം. ജോലി ലഭിക്കാതെ അനേകലക്ഷം അഭ്യസ്തവിദ്യരാണ് സംസ്ഥാനത്തുള്ളത്. സമസ്തമേഖലയിലും തുടരുന്ന ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. ഈ നിലയില്‍നിന്ന് നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ നമുക്ക് കഴിയണം.
വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടല്ല സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ഒരു വികസന പദ്ധതിയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പു കാരണം മുടങ്ങിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പികെ സൈനബ, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കാസര്‍കോട് നഗരത്തില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും. അഞ്ചിന് പയ്യന്നൂരില്‍ സമാപിക്കും. ഓരോ സ്വീകരണത്തിലും പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മാര്‍ച്ച് കടന്നുപോകുന്ന വഴികള്‍ ദിവസങ്ങള്‍ക്കുമുമ്പേ ചെമ്പട്ടണിഞ്ഞു കഴിഞ്ഞു. ജാഥയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് നാടാകെ.
