കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക്: ബസ്സ് സർവ്വീസ് നിർത്തി വെക്കും

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ആരംഭിച്ചിട്ട് ഏകദേശം മൂന്ന് മാസക്കാലമായി. നഗരം മോഡി പിടിപ്പിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. പല പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ കോളജിലും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന യാത്രക്കാർ രൂക്ഷമായ ഗതാഗതകുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടുകയാണ്. ആനക്കുളങ്ങര മുതൽ ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങൾ കൊയിലാണ്ടി നഗരത്തിൽ പ്രവേശിക്കണമെങ്കിൽ ഒരു മണിക്കൂറിലധികം സമയമെടുക്കും തന്മൂലം ഇതു വഴി കടന്ന് പോകുന്ന യാത്രക്കാർക്ക് കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ കഴിയാതെ വരുന്നതൊടൊപ്പം ബസ്സുകൾക്ക് ട്രിപ്പുകൾ എടുക്കുവാനും കഴിയുന്നില്ല.

കോവിഡ് മഹാമാരി മൂലം തകർന്ന് തരിപ്പണമായ സ്വകാര്യ ബസ്സ് മേഖല ഇപ്പോൾ തന്നെ നഷ്ടം സഹിച്ചാണ് സർവ്വീസ് നടത്തുന്നത്. കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരക്ക് ഈ മേഖലക്ക് ഇരട്ട പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ആയതിനാൽ മേൽ കാര്യത്തിൽ അധികൃതർ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം നഷണൽ ഹൈവേയിൽ കൂടി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെക്കുമെന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട്. എം.കെ. സുരേഷ് ബാബു പ്രസ്താവനയിൽ അറിയിച്ചു.


