KOYILANDY DIARY.COM

The Perfect News Portal

ഇന്ന് മകരവിളക്ക്

പത്തനംതിട്ട :   മാസങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കു ശേഷം മല കയറിയെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകുന്ന മകരവിളക്ക് വെള്ളിയാഴ്ച. മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള പമ്പവിളക്കും പമ്പാസദ്യയും വ്യാഴാഴ്ച നടന്നു. ധര്‍മശാസ്താവിന് മകരസംക്രമപൂജ നടത്താനുള്ള രണ്ടു ദിവസത്തെ ശുദ്ധിക്രിയകള്‍ വ്യാഴാഴ്ച സമാപിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് നട തുറക്കും. കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവന്ന നെയ്യുപയോഗിച്ച്‌ അഭിഷേകം. 1.27നാണ് മകരസംക്രമപൂജ. ഇതുകഴിഞ്ഞ് പകല്‍ രണ്ടിന് നടയടക്കും.മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് വൈകിട്ട് നാലിന് ശരംകുത്തിയില്‍ സ്വീകരണം നല്‍കും. സോപാനത്തില്‍ വെച്ച്‌ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്. ഇ ശങ്കരന്‍ നമ്പൂതിരിഎന്നിവര്‍ ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും.മകരവിളക്ക് ദിവസം പകല്‍ 12ന് ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടില്ല.

Share news