ഗസല്‍ ഗായകന്‍ ഗുലാം അലിയ്ക്ക് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി

തിരുവനന്തപുരം: സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തു നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.കേരളത്തെ സംബന്ധിച്ച് അഭിമാന മുഹൂര്‍ത്തമാണ് ഇത്. കേരളത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്നും സ്വീകരണ യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ത്യയെ വിഭജിച്ചിരുന്നില്ലെങ്കില്‍ ഗുലാം അലി ഇന്ത്യയുടെ ഗായകനാവുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ചൂണ്ടിക്കാട്ടി. ഗുലാം അലിയെ തടയുമെന്ന് പറഞ്ഞ ശിവസേനക്കാരെ പരിഹസിക്കാനും വിഎസ് മറന്നില്ല. കേരളം മതേതരത്വത്തിന്റെ മണ്ണാണ്. വര്‍ഗീയ ശക്തികളുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. ജനങ്ങള്‍ അത്തരക്കാരെ തള്ളുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ.
