പൊയിൽക്കാവ് ബീച്ച് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന ബീച്ച് ഭാഗത്തേക്ക് കുടിവെളളം എത്തിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായ കിണർ തുവ്വയിൽ ഭാഗത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നേരത്തെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.

പമ്പ് ഹൗസ്, മോട്ടോർ, വിതരണ പൈപ്പുകൾ, വാട്ടർ ടാങ്ക് നിർമ്മാണം, ടാപ്പുകൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗം എം. പുഷ്പ, കെ. ഗീതാനന്ദൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ രവീന്ദ്രൻ, എന്നിവർ സന്നിഹിതരായിരുന്നു.


