നന്തി ചെങ്ങോട്ടുകാവ് ദേശീയപാത ടെണ്ടർ ചെയ്തു: കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി: വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ചെങ്ങോട്ട്കാവ് – നന്തി ബൈപ്പാസ് ഉൾപ്പെടെയുള്ള ആറുവരി ദേശീയ പാത ദേശീയപാത അതോറിറ്റി ടെണ്ടർ ചെയ്തതായി കെ. ദാസൻ.എം.എൽ.എ അറിയിച്ചു. ഏറെ വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ചു കൊണ്ടാണ് ഈ അനിവാര്യമായ വികസനം ഇപ്പോൾ യാഥാർത്ഥ്യമാവുന്ന ഘട്ടത്തിലേക്കെത്തിയത്. സർവീസ് റോഡോടു കൂടിയാണ് 6 വരി പാതയുടെ ഘടന.
വെങ്ങളം മുതൽ അഴിയൂർ വരെ 40.8 കിലോമീറ്റർ ദൂരത്തിലെ നിർമ്മാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരിക്കുന്നത്. നിർമ്മാണത്തിനു മാത്രമായാണ് ഇത്രയും തുക. ഒക്ടോബർ 5 വരെ നിർമ്മാണ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാം. ഒക്ടോബർ 5 ന് ശേഷം ഓപ്പണാവുന്നതാണ്. ഇതിൽ മൂരാട് പാലവും പാലോളി പാലവും അതിനിടയിൽ വരുന്ന 2.1 കെ.എം. ദൂരവും നേരെത്തെ ടെണ്ടർ ചെയ്തിരുന്നു. ഇതൊഴിച്ചുള്ള ഭാഗങ്ങളാണ് ഇപ്പോൾ ടെണ്ടർ ചെയ്തിരിക്കുന്നത്.


സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി ക്രമങ്ങളുടെ കുരുക്കഴിച്ച് വേഗം കൂട്ടിയത് കൊണ്ടാണ് ഇത്ര വേഗത്തിൽ തന്നെ പ്രവൃത്തി ടെണ്ടർ ചെയ്യുന്ന ഘട്ടത്തിലേക്കെത്തിയത്. കേരളത്തിലെ ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കലിനായി ആകെ വരുന്ന തുകയുടെ നാലിലൊന്നായ 5374 കോടി രൂപ കിഫ്ബി വഴിയാണ് സർക്കാർ നൽകുന്നത്.

നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കലിനായി പണം കൈമാറുന്ന ഘട്ടം വരെയുള്ള 90% നടപടിക്രമങ്ങൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. അഴിയൂർ, ഇരിങ്ങൽ ഭാഗങ്ങളിലെ നിരവധി പേർക്ക് ഇതിനോടകം നഷ്ടപരിഹാര തുക നൽകി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായ ഉണ്ടായ ചെറിയ വേഗക്കുറവ് ഒഴിച്ചാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ കാര്യക്ഷമമായാണ് മുന്നോട്ട് നീങ്ങുന്നതെന്ന് കെ. ദാസൻ എം.എൽ.എ. പറഞ്ഞു.


നീളം ഡിവൈഡ് ചെയ്ത് വരികയാണെങ്കിൽ സർവ്വീസ് റോഡ് സഹിതം 6 വരിയിലാണ് പാത. ഒരു വരിക്ക് 3.50 മീറ്റർ നീളം
വെങ്ങളം -ചെങ്ങോട്ടുകാവ് – നീളം 4.700 കി.മീ
ചെങ്ങോട്ടുകാവ് – നന്തി ( ബൈപ്പാസ് ) – നീളം – 11.860 കി.മീ.
നന്തി -മൂരാട് – 10.940 കി.മീ
പാലോളിപ്പാലം – അഴിയൂർ- 13. 300 കി.മീ.
മൂരാട് പാലവും – പാലോളി പ്പാലവും അതിനിടയിലുള്ള 2.100 Km ദൂരവും വരുന്ന 6 വരി പാത 69.5 കോടിയുടേത് നേരത്തെ തന്നെ ടെണ്ടർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അത് ഓപ്പൺ ചെയ്യുമെന്നാണ് കരുതുന്നത് .

