കൊറോണ: പേരാമ്പ്രയിൽ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാനൂറോളം പേര് നിരീക്ഷണത്തില്‍
പേരാമ്പ്ര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പേരാമ്പ്ര മേഖലയിലെ നാനൂറോളം പേര് വീടുകളില്‍ നിരീക്ഷണത്തില്‍. ഈ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ വാര്‍ഡുകള്‍ തോറും ജാഗ്രത ഊര്‍ജ്ജിതമാക്കി. വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍ എന്നിവരടങ്ങിയ റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചാണ് നീരീക്ഷണം.
രണ്ടു ദിവസങ്ങളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നത് മലയോര മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ അധികവും ഇറ്റലി, റോം, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷിക്കുന്നത്.

നിയന്ത്രണം പാലിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ടെന്ന് വിവിധ പ്രദേശങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണമുള്‍പെടെയുള്ള വസ്തുക്കള്‍ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനമൊരുക്കും. ഇന്നും നാളെയുമായി കൂടുതല്‍ പേര് എത്തുന്നതിനാല്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ട്. പ്രാദേശവാസികളില്‍ നിന്ന് സഹകരണം ലഭിക്കുന്നുണ്ടെന്നും അതികൃതര്‍ പറഞ്ഞു.

ജാഗ്രത തുടരുന്നതിനാല്‍ ടൗണുകളില്‍ തിരക്കും കുറഞ്ഞു. പ്രാധാന റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസുകളും കുറഞ്ഞു. ഒപ്പം ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയവയുടെ സമാന്തര സര്‍വീസും പകുതിയായി. കുടുംബ ചടങ്ങുകളും വിവിധ ഉത്സവങ്ങളും പൊതുപരിപാടികളുമെല്ലാം മാറ്റിയ്ക്കുന്നുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ (ഇന്നലെ വരെ)
പേരാമ്പ്ര – 70
കൂത്താളി – 44
ചെറുവണ്ണൂര്‍ – 65
ചങ്ങരോത്ത് – 75
മേപ്പയൂര്‍ – 72
നൊച്ചാട് – 80
ചക്കിട്ടപ്പാറ – 29
