ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി
ഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഇന്ത്യയിലും വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.
കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലാണ്. രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31വരെ ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിദേശത്ത് നിന്നെത്തുന്നവരുടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായില്‍ നിന്ന് തിരിച്ചെത്തി അഞ്ച് ദിവസത്തിനു ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

