KOYILANDY DIARY

The Perfect News Portal

ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരം ജില്ലയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. സംഭവത്തില്‍ മൂന്നു സ്ത്രീകളടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാരൈ ഗ്രാമത്തില്‍ താമസിക്കുന്ന ശക്തിവേല്‍ (24) ആണ് കഴിഞ്ഞദിവസം പെരിയതച്ചൂരിനടുത്തു നടന്ന ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

12-നു നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെട്രോള്‍ പമ്പ് ജീവനക്കാരനായ ശക്തിവേല്‍ ഉച്ചഭക്ഷണശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പെട്രോള്‍ തീര്‍ന്നതിനാല്‍ പാതിവഴിയില്‍ ബൈക്ക് നിന്നുപോയിരുന്നു. പിന്നീട് ബൈക്ക് തള്ളിക്കൊണ്ടുപോയ യുവാവ് ഈ വിവരം ഫോണില്‍ വിളിച്ച്‌ വീട്ടില്‍ അറിയിച്ചിരുന്നു. വയറുവേദന അനുഭവപ്പെടുന്നതായും സഹോദരിയോട് പറഞ്ഞിരുന്നു.

വേദന കലശലായതോടെ അടുത്തുള്ള തോട്ടത്തില്‍ പോയി മലവിസര്‍ജനം നടത്തിയശേഷം വസ്ത്രം ധരിക്കുന്നതിനിടെ ശക്തിവേലിനെ തോട്ടത്തിലുണ്ടായിരുന്ന സ്ത്രീ കണ്ടു. ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയാണെന്നു തെറ്റിദ്ധരിച്ച ഇവര്‍ ബഹളംവെച്ച്‌ ആളെക്കൂട്ടി. ഓടിയെത്തിയ ഇവരുടെ ഭര്‍ത്താവും മറ്റ് അഞ്ചുപേരും യുവാവിനെ മര്‍ദിച്ചു. അക്രമികളിലൊരാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശക്തിവേലിന്റെ സഹോദരിയും ബന്ധുവും സ്ഥലത്തേക്കെത്തി. അപ്പോഴേക്കും ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ശക്തിവേല്‍ അവശനായിരുന്നു.

Advertisements

പിന്നീട് പോലീസിടപെട്ട് യുവാവിനെ സഹോദരിയുടെകൂടെ വീട്ടിലേക്കയച്ചു. പാതിവഴിയില്‍ യുവാവ് അബോധാവസ്ഥയിലായതോടെ ആംബുലന്‍സ് വിളിച്ചുവരുത്തി. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചു.

സംഭവത്തില്‍ ശക്തിവേലിന്റെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ് ഏഴു പ്രതികളെ പിടികൂടി. ലൈംഗികാതിക്രമത്തിന് മുതിരുകയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ദളിതനായതിനാലാണ് അതിക്രമം നടത്തിയതെന്ന് ആരോപണമുണ്ട്.

ശക്തിവേല്‍ പട്ടികജാതിയില്‍പ്പെട്ടയാളാണ്. ആക്രമിച്ചവര്‍ എം.ബി.സി.(മോസ്റ്റ് ബാക്ക്‌വേഡ് കാസ്റ്റ്സ്) വിഭാഗക്കാരും. ആക്രമണത്തിനു ജാതി വേര്‍തിരിവ് കാരണമായിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. യുവാവിനെ ആശുപത്രിയിലെത്തിക്കാതിരുന്ന പോലീസ് നടപടിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ദിണ്ടിവനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജയിലിലടച്ചു. യുവാവിന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം 4.12 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *