KOYILANDY DIARY

The Perfect News Portal

നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞുഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നോര്‍ക്ക അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.”

ഇന്ന് രാവിലെ എട്ട് മലയാളി വിനോദ സ‌ഞ്ചാരികളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമീക നിഗമനം. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39) ഭാര്യ ശരണ്യ(34)​ മക്കള്‍ അഭിനവ് സൂര്യ(9)​ ശ്രീഭദ്ര (9)​ ​അഭി നായര്‍ (7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാര്‍ (39)​ ഭാര്യ ഇന്ദു രഞ്ജിത്ത് (34)​ വൈഷ്ണവ് രഞ്ജിത്ത് (2)​ എന്നിവരണ് മരിച്ചത്. പ്രവീണ്‍ ദുബായില്‍ എന്‍ജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വിദ്യാര്‍ത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.

Advertisements

കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. 15 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാണ് എല്ലാവരും റിസോ‌ര്‍ട്ടില്‍ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാന്‍ ഹീറ്റര്‍ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിൻ്റെ തകരാറു മൂലം കാര്‍ബണ്‍ മൊണോക്സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജറുടെ മൊഴി.

കാഠ്മണ്ഡുവില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. റിസോര്‍ട്ടില്‍ നിന്നും ഹെലികോപ്ററര്‍ വഴിയാണ് ഇവരെ ഹോസ്പിറ്റലിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചു എന്നാണ് കരുതപ്പെടുന്നത്. എച്ച്‌.എ.എം.എസ്. ആശുപത്രിയിലാണ് ഇവരെയെത്തിച്ചത്. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത് തണുപ്പകറ്റാന്‍ ഉപയോഗിച്ച മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറാണ് മരണകാരണം എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി മരിച്ചവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *