KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് ഹരിത കേരള മിഷന്‍ അവാര്‍ഡ്

കൊയിലാണ്ടി: വികസനത്തിന്റെ പുതിയ അധ്യായം രചിച്ച ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഹരിത കേരള മിഷന്‍ അവാര്‍ഡ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയിലാണ് ചേമഞ്ചേരിയെ തിരഞ്ഞെടുത്തത്. മൂന്നുലക്ഷം രൂപയും ഫലകവും സാക്ഷ്യ പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ജലസംരക്ഷണം, ശുചിത്വം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടത്തിനുള്ള അംഗീകാരമായാണ് അവാര്‍ഡ്. തരിശ്ശായി കിടന്ന 70 ഏക്കര്‍ സ്ഥലം കൃഷി യോഗ്യമാക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അശോകന്‍ കോട്ടും വൈസ് പ്രസിഡന്റ് ഷീബ വരേക്കലും പറഞ്ഞു. നെല്‍ക്കൃഷി വ്യാപനത്തിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കിയത്. ഇതുകാരണം 210 ക്വിന്റല്‍ നെല്ല് കൂടുതല്‍ ഉത്‌പാദിപ്പിക്കാനായി.

വീടുകളിലും പറമ്പുകളിലും പച്ചക്കറിക്കൃഷി വിപുലപ്പെടുത്താന്‍ 23,280 മണ്‍ചട്ടികള്‍ നല്‍കി. ഗ്രോബാഗുകള്‍ക്ക് പകരമായാണ് മണ്‍ചട്ടികള്‍ നല്‍കിയത്. ഇത് ഏറെ പ്രശംസയ്ക്ക് കാരണമായി. കടലോരത്തെ തരിശുനിലത്തില്‍ കടല കൃഷിചെയ്തു. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കി. ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കുറ്റിക്കുരുമുളക്, പ്ലാവ്, മാവ്, വാഴക്കുല എന്നിവ ഇടവിളകൃഷിയായി ചെയ്തു. 2500 ക്വിന്റല്‍ പച്ചക്കറി അധികമായി ഉത്‌പാദിപ്പിച്ചു. പശു, ആട്, പോത്ത് വളര്‍ത്തലിന് മികച്ച പരിഗണന നല്‍കി. ഒട്ടേറെപ്പേര്‍ക്ക് പോത്ത്, ആട് കുട്ടികളെ വളര്‍ത്താന്‍ നല്‍കി. വീട്ടമ്മമാര്‍ക്ക് കോഴിവളര്‍ത്തലിന് എല്ലാ സഹായങ്ങളും നല്‍കി. ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മിക്ക കുളങ്ങളും നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനും നടപടി സ്വീകരിച്ചു. പാറക്കുളം, മേപ്പായിക്കുളം, പാത്തിക്കുളം, ഇരുവിലാടത്ത്കുളം, കൃഷ്ണകുളം എന്നിവ പുനരുജ്ജീവിപ്പിച്ചു. സ്വര്‍ണക്കുളം, തറയില്‍ക്കുളം എന്നീ രണ്ട് പുതിയ കുളങ്ങള്‍ നിര്‍മിച്ചു.

Advertisements

വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി

വീടുകളിലെ ജൈവ, അജൈവമാലിന്യം കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കാനും നടപടിയെടുത്തു. ജൈവ മാലിന്യം സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യനിര്‍മാര്‍ജനത്തിന് നടപടിയെടുത്തു. ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളില്‍ പൈപ്പ് കമ്ബോസ്റ്റ്, കിച്ചന്‍ ബിന്‍ കമ്ബോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ചു. ഹരിത കര്‍മസേനയെ ഉപയോഗിച്ച്‌ ഗൃഹമാലിന്യശേഖരണം നടത്തി.

2017-18 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി ചേമഞ്ചേരി പഞ്ചായത്തിനാണ് ലഭിച്ചത്. 15 ലക്ഷം രൂപ ഇതോടൊപ്പം ലഭിച്ചിരുന്നു. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തിരുന്നു. പഞ്ചായത്ത് ഓഫീസും അതിനൂതനമായ രീതിയില്‍ നവീകരിച്ച്‌ കമനീയമാക്കാന്‍ നടപടി സ്വീകരിച്ചു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരുടെയും സഹകരണം കൊണ്ടാണ് പഞ്ചായത്തിന് വികസനനേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് പ്രസിഡന്റ് അശോകന്‍ കോട്ട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *