കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം: രാത്രി കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് വള്ളക്കടവ് സ്വദേശി ഷാരൂഖാനും കൂട്ടാളി ജിതിനും പേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്. പോത്തന്‍കോട് ഭാഗത്ത് വീട് കവര്‍ച്ച ചെയ്യാനായി പോകുകയായിരുന്നുവെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
നിരവധി മാലപൊട്ടിക്കല്‍ കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളാണ് ഇവര്‍. പേട്ട ജംഗ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിലെത്തിയ ഇവര്‍ പൊലീസിന്റെ പിടിയിലായത്. ഷാരൂഖാനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തശേഷം ബൈക്ക് പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ കമ്പിപ്പാര കണ്ടെത്തിയത്.

തുടര്‍ന്ന് ഇവരുടെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പോത്തന്‍കോടിന് സമീപം വീട് കവര്‍ച്ച ചെയ്യാനായി ജിതിനെയും കൂട്ടി പോകുകയായിരുന്നുവെന്ന് സമ്മതിച്ചു. കവര്‍ച്ചാശ്രമത്തിനും ആയുധം കൈവശം സൂക്ഷിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

