അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാൻ്റ് – റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് വെച്ച് അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. അരിക്കുളം ചേടപ്പള്ളി മീത്തൽ വിനോദ് (37) നെയാണ് കൊയിലാണ്ടി പോലീസ് പീടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, ബീച്ച് ഏരിയയിലെ യുവാക്കൾക്കും മൊത്തമായും ചില്ലറയായും കഞ്ചാവ് വില്പന നടത്തുന്ന കണ്ണികളിലെ പ്രധാനിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. ഇന്ന് കൊയിലാണ്ടിയിൽ നടക്കുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. രാവിലെ കൊയിലാണ്ടിയിലെ അസ്ഹർ ലോഡ്ജിൽ നിന്ന് 2 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള മേൽപ്പാലത്തിന്റെ ചുവട്ടിലും പരിസരത്തുമായി കഞ്ചാവ് കച്ചവടം നടത്താനായി ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. 500രൂപയുടെ ഒന്നരയിഞ്ചു നീളമുള്ള ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. കോളേജ് വിദ്യാർത്ഥികളാണ് ഈ ചെറിയ പൊതികൾ വാങ്ങുന്നവരിലധികവും.
റെയ്ഡിന് സബ് ഇൻസ്പെക്ടർ കെ.കെ. രാജേഷ്കുമാർ, എ.എസ്.ഐ. ഗിരീഷ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ കെ. സുനിൽ. കെ.എൻ. അജേഷ്, വി.വി.കെ മനോജ്, പി. ഹരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഒ. പുഷ്പരാജ്, രാഗേഷ് എന്നിവർ നേതൃത്വം നൽകി.
