ബി.പി. മൊയ്തീൻ്റെ പ്രണയസ്മാരകം ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: ബി.പി. മൊയ്തീന് സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഞായറാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മുക്കം മേഖലാ ബാങ്കിനു സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം ഒരുക്കിയിരിക്കുന്നത്.
പ്രധാന ഓഫീസും ബി.പി. മൊയ്തീന് സ്മാരക ലൈബ്രറിയും വൃദ്ധക്ഷേമം ലക്ഷ്യമിട്ടുള്ള ‘സായാഹ്ന സ്വര്‍ഗ’ത്തിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാംനില. കൗണ്‍സലിങ് സെന്ററും യോഗ പരിശീലനഹാളും വനിത തൊഴില്‍പരിശീലന കേന്ദ്രവും രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കും. മൂന്നാംനില പൂര്‍ണമായും ഓഡിറ്റോറിയമാണ്. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണമായും നിര്‍മിച്ച് നല്‍കിയത് നടന് ദിലീപിന്റെ പിതാവിന്റെ പേരിലുള്ള ജി.പി. ചാരിറ്റബിള്‍ ട്രസ്റ്റാണ്. നാട്ടുകാരുടെയും സുമനസ്സുകളുടെയും പ്രവാസികളുടെയും സഹകരണത്തോടെയാണ് മറ്റുനിലകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

1982 ജൂലായ് 15-ന് ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവിലുണ്ടായ തോണി അപകടത്തില്‍, സഹയാത്രികരെ രക്ഷിക്കുന്നതിനിടെയായിരുന്നു മൊയ്തീന്റെ അന്ത്യം. തുടര്‍ന്ന്, ബി.പി. മൊയ്തീന്റെ ഓര്‍മയ്ക്കായി 1985-ല്‍ ലൈബ്രറിയും മൊയ്തീന് തുടങ്ങിവെച്ച ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 1987-ല്‍ സേവാമന്ദിറും ആരംഭിച്ചു. മൊയ്തീന്റെ മാതാവ് എ.എം. ഫാത്തിമയുടെയും പി.ടി. ഭാസ്കര പ്പണിക്കരുടെയും നേതൃത്വത്തിലാണ് സേവാ മന്ദിര്‍ ആരംഭിച്ചത്. മുക്കം-അരീക്കോട് റോഡരികില്‍ മൊയ്തീന്റെ മാതാവ് ഫാത്തിമയുടെ പേരിലുള്ള വീട്ടിലാണ് സേവാമന്ദിര്‍ പ്രവര്‍ത്തനമാരംഭിച്ചത്. സേവാമന്ദിര്‍ എന്ന പേര് നിര്‍ദേശിച്ചതും നിയമാവലി തയാറാക്കിയതും പി.ടി. ഭാസ്കര പ്പണിക്കരായിരുന്നു. സുഭാഷ്ചന്ദ്രബോസിന്റെ മകളുടെ പേരില്‍ മൊയ്തീന് തുടങ്ങിയ അനിത ചില്‍ഡ്രന്‍സ് ക്ലബ്ബും 1980-ല്‍ തുടങ്ങിയ മോചന വിമന്‍സ് ക്ലബ്ബ് ലൈബ്രറിയുമെല്ലാം ഒരു കുടക്കീഴിലാക്കുകയായിരുന്നു ലക്ഷ്യം.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ചെറിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്കിടയിലും സ്ത്രീസുരക്ഷയ്ക്കും ശാക്തീകരണത്തിനും പതിനെട്ടോളം സന്നദ്ധസംഘടനകളാണ് പ്രവര്‍ത്തിച്ചിരുന്നത്. 2015 നവംബര്‍ 18-ന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം കാഞ്ചനമാലയുടെയും മുക്കത്തുകാരുടെയും സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ. അധ്യക്ഷനാകും. എം.കെ. രാഘവന് എം.പി. മുഖ്യാതിഥിയാകും.
