അഗ്രീന്‍കോ അഴിമതി: എം കെ രാഘവന്‍ എം.പി.യെ മൂന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു

കണ്ണൂര്‍ : എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ്.
സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈഎസ്‌പി മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പി വി മധുസൂദനന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്‌പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്‌ഐആര്‍.
ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം കെ രാഘവന്‍ മൂന്നാം പ്രതിയാണ്, മറ്റു പത്തുപേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും. 2002 മുതല്‍ 2013 വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. സഹകരണ ഓഡിറ്റിങിലാണ് ക്രമക്കേട് ആദ്യം വ്യക്തമായത്. തുടര്‍ന്നായിരുന്നു സഹകരണ വിജിലന്‍സിൻ്റെ പരിശോധന. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തിരുന്നുവെങ്കിലും നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കേസ് വിജിലന്‍സിന് വിടുകയായിരുന്നു.
