KOYILANDY DIARY

The Perfect News Portal

കൂടത്തായി കൊലക്കേസ്: ഷാജുവിനെയും അച്ഛനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്‌: കൂടത്തായി കൊലക്കേസില്‍ ഷാജുവിനെയും അച്ഛന്‍ സഖറിയാസിനെയും പത്തുമണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജു. വടകരയിലെ റൂറല്‍ എസ്.പി. ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച രാവിലെ 7.55-ന് എത്തിയ ഇരുവരെയും ഒമ്പതു മണിമുതല്‍ തന്നെ റൂറല്‍ എസ്.പി. കെ.ജി. സൈമണും അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യംചെയ്തുതുടങ്ങി. രാവിലെ 10 മണിയോടുകൂടിയാണു ജോളിയെ ചോദ്യം ചെയ്യലിനായി എത്തിച്ചത്.

പിന്നീട്‌ മാത്യുവിനെയും പ്രജികുമാറിനെയും എത്തിച്ചു. ജോളിയെയും ഷാജുവിനെയും സഖറിയാസിനെയും ഒന്നിച്ചിരുത്തിയാണ് തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യംചെയ്തത്. എന്നാല്‍, ജോളിയെ പിന്നീട് പുറത്തിരുത്തി ഷാജുവിനെയും സഖറിയാസിനെയും വീണ്ടും ചോദ്യംചെയ്തു.

ഷാജുവിന്റെയും സഖറിയാസിന്റെയും ചോദ്യംചെയ്യല്‍ രാത്രി 8.30-ഓടുകൂടിയാണ് അവസാനിച്ചത്. തങ്ങളെ ചോദ്യംചോദിച്ചശേഷം വിട്ടയക്കുകയായിരുന്നെന്നും ചൊവ്വാഴ്ച വരാന്‍പറഞ്ഞിട്ടില്ലെന്നും ഷാജുവിന്റെ അച്ഛന്‍ സഖറിയാസ് മാധ്യമപ്രവര്‍ത്തകരോടുപറഞ്ഞു. ഇതില്‍ കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും പ്രതികരിക്കുന്നില്ലെന്നും ഷാജു പറഞ്ഞു.

Advertisements

എന്നാല്‍, ഷാജുവിനെയും സഖറിയാസിനെയും വീണ്ടും ചോദ്യംചെയ്യാനായി എത്തിക്കുന്ന കാര്യം ആലോചിച്ചുതീരുമാനിക്കുമെന്ന്‌ കെ.ജി. സൈമണ്‍ പറഞ്ഞു. ഷാജുവിനെ നേരത്തേ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. നിലവില്‍ ഷാജുവിനെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ജോളിയുടെ ചില മൊഴികളില്‍ ഷാജുവിന്റെ പേരും വന്നിരുന്നു. ഇതുപരിശോധിക്കാനാണ്‌ ചൊവ്വാഴ്ച ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *