കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരാ: മുഖ്യമന്ത്രി

കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വവും സംരക്ഷണവും അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന് ഡ്രീം റൈഡേഴ്സ് കേരളയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരാ. ബോധവത്കരണത്തിനും ഏറെ പ്രാധാന്യമുണ്ട്. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സമൂഹത്തിനും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ട്. ഇത് ഏറ്റെടുക്കാന്‍ സമൂഹത്തിന് കഴിയുന്നില്ലെങ്കില്‍ സമൂഹം അപരിഷ്കൃതമാകുമെന്നും അങ്ങിനെ സംഭവിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ്, കെ.കെ.രാഗേഷ് എംപി, ഡിഐജി സേതുരാമന്, പ്രിന്‍സിപ്പല്‍ കെ.വി.ഔസേപ്പച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്ണൂരില്‍ നിന്ന് കന്യാകുമാരി വരെയും തുടര്‍ന്ന് രണ്ടാംഘട്ടമായി കാശ്മീര്‍ വരെയുമാണ് ബൈക്ക് റാലി നടത്തുക. അടുത്ത മാസം 25ന് കശ്മീരില്‍ സമാപിക്കും. 200 ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്.

