നാഷണല്‍ ഹെറാള്‍ഡ്: സോണിയയും രാഹുലും കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി> നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ശനിയാഴ്ച പാട്യാല ഹൌസിലെ ജില്ലാ കോടതിയില്‍ മൂന്നോടെ ഹാജരാകും.കേസില്‍ ഇരുവരും ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. ജാമ്യാപേക്ഷ നല്‍കേണ്ടെന്ന നിലപാടായിരുന്നു ഇരുവരും നേരത്തേ സ്വീകരിച്ചിരുന്നത്. ആ തുരുമാനം പിന്നീട് മാറ്റി.
കേസിനെ ഭയപ്പെടുന്നില്ലെന്നും കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയാണ് ഹാജരാകുന്നത്. സോണിയക്കും രാഹുലിനുമെതിരെ കോടതി അയച്ച സമന്‍സ് പ്രകാരമുള്ള നടപടികളാണ് ശനിയാഴ്ച നടക്കുക.സമന്‍സ് ചോദ്യംചെയ്ത് ഇരുവരും നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. വിചാരണകോടതിയിലാണ് ഇന്ന് ഹാജരാകുന്നത്.

സോണിയക്കൊപ്പം കേസില്‍ എതിര്‍കക്ഷികളായ ഓസ്കാര്‍ ഫെര്‍ണാസ്, മോത്തിലാല്‍ വോറ, സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരും കോടതിയില്‍ ഹാജരാകണം. അതേസമയം സാം പിട്രോഡ വിദേശത്തായതിനാല്‍ കോടതിയില്‍ അവധി ചോദിച്ചേക്കും. ജാമ്യാപേക്ഷ നല്‍കുന്നതടക്കം എല്ലാ നിയമനടപടികള്‍ക്കുമുള്ള തയാറെടുപ്പിലാണ് പാര്‍ട്ടിയുടെ പ്രമുഖ അഭിഭാഷകര്‍. . കേസ് പരിഗണിക്കുന്ന പാട്യാല ഹൗസ് കോടതിപരിസരത്തും കോണ്‍ഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കി.

