ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

രാമനാട്ടുകര: ആഹ്ളാദച്ചിരികള്‍ക്കിടയില്‍ കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കാന്‍ ദീപക്കിന് വിധിയുണ്ടായില്ല. പന്തലിട്ട വീട്ടുമുറ്റത്ത് ചേതനയറ്റ് അവന് കിടന്നു. നവവരനായി മുണ്ടും ഷര്‍ട്ടും ധരിച്ചല്ല, വെള്ളയും അതിനുമീതെ വിരിച്ച കാവിയും പുതപ്പിച്ചാണെന്നു മാത്രം. ഞായറാഴ്ചയായിരുന്നു ദീപക്കിന്റെ വിവാഹം. ഇതിനിടെയാണ് രാമനാട്ടുകരയില്‍ വെച്ചുണ്ടായ ലോറിയപകടത്തില് ദീപക്ക് മരിച്ചത്.
മരണവാര്‍ത്തയറിഞ്ഞതോടെ സന്തോഷങ്ങള്‍ നിറഞ്ഞ കല്ല്യാണ വീട് ബന്ധുക്കളുടെയും ഉറ്റവരുടെയും അലമുറകളില്‍ മുങ്ങി. വീട്ടിലേക്കുവേണ്ട വാതിലിന്റെ ഡിസൈന്‍ പണിക്കാര്‍ക്ക് പറഞ്ഞുകൊടുത്തശേഷം ബൈക്കില്‍ പെട്രോളടിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ദീപക്ക് വീട്ടില്‍നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ ദീപക്കിനെ നാട്ടുകാരും പോലീസും ഇടപെട്ട് ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉള്ളതുകൊണ്ട് രണ്ട് ഓപ്പറേഷന് നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം രാത്രി മൂന്നുമണിയോടെയാണ് ദീപക്ക് മരിച്ചത്. നേരം വെളുത്തപ്പോഴേക്കും ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരും വേണ്ടപ്പെട്ടവരും പാഞ്ഞെത്തിയിരുന്നു. ദുരന്ത വാര്‍ത്തയറിഞ്ഞു വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരുനാട് മുഴുവന്‍.

രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന യുവാവ്. കഴിഞ്ഞ പ്രളയകാലത്ത് ദീപക്കിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്ത്തനങ്ങളോര്ത്ത് അയല്‍വാസികള്‍ വിതുമ്ബി. വെകീട്ട് മൂന്നരയോടെ മൃതദേഹം സംസ്കരിച്ചു.

