നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് സിജെഎം റിപ്പോര്‍ട്ട്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) റിപ്പോര്‍ട്ട്. ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന് രാജ്കുമാറിന്റെ കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് തൊടുപുഴ സി.ജെ.എമ്മിന്റെ കണ്ടെത്തല്‍.
നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് തൊടുപുഴ സിജെഎം കോടതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. വീഴ്ചകള്‍ ഗൗരവത്തില്‍ എടുക്കണമെന്നും തൊടുപുഴ സിജെഎം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചതിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ പോലീസ് ഹാജരാക്കിയത്. എന്നാല്‍ ഈ കാര്യത്തെ കുറിച്ചു മജിസ്ട്രേറ്റ് പോലീസിനോട് വിശദീകരണം ചോദിച്ചില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നയാളെയാണ് ഹാജരാക്കിയതെന്ന് മജിസ്ട്രേറ്റ് പരിശോധിച്ചോ എന്നകാര്യത്തിലും സംശയമുണ്ട്. രാജ്കുമാറിന്റെ മെഡിക്കല്‍ രേഖകളും മജിസ്ട്രേറ്റ് പരിശോധിച്ചില്ല. കൂടാതെ വെളിച്ചമില്ലാത്ത സ്ഥലത്തുവച്ചാണ് മജിസ്ട്രേറ്റ് രാജ്കുമാറിനെ പരിശോധിച്ചത്. അതിനാല്‍ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാനമായ ചില വീഴ്ചകള്‍ മുമ്ബും തൊടുപുഴ മജിസ്ട്രേറ്റ്് രശ്മി രവീന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം വീഴ്ചകള്‍ ഗൗരവത്തില്‍ എടുക്കണമെന്നും തൊടുപുഴ സിജെഎം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

