KOYILANDY DIARY.COM

The Perfect News Portal

മനുഷ്യശരീര ഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: ആര്‍പ്പൂക്കര കരിപ്പൂത്തട്ടിന് സമീപം ചാലാകരി പാടത്ത് മനുഷ്യശരീര ഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത ശേഷം സംസ്‌കരിക്കാന്‍ നല്‍കിയ മൃതദേഹത്തിന്റെ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹ ഭാഗങ്ങളാണ് ശനിയാഴ്ച രാത്രി ആര്‍പ്പൂക്കര പാടത്ത് തള്ളിയത്.

ഫ്രീസറില്ലാതെ രണ്ടാഴ്ചയിലധികം സൂക്ഷിക്കേണ്ടിവരുന്ന മൃതദേഹങ്ങളാണ് എംബാം ചെയ്യുക. ശരീരത്തിലെ വലിയ രക്തക്കുഴലുകള്‍ വഴി രാസവസ്തുക്കള്‍ കയറ്റി, രക്തം മുഴുവന്‍ അലിയിച്ചുകളയും. തുടര്‍ന്ന് ഈ കുഴലില്‍ ഫോര്‍മാലിന്‍ ദ്രാവകം കയറ്റി തുന്നിച്ചേര്‍ക്കും. ഫൊര്‍മാലിന്‍ ഉള്ളപ്പോള്‍ ശരീരം ദ്രവിക്കില്ല. 

ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നത് കണ്ടത്. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് എത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.

Advertisements

ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *