കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്

ചെറുതോണി: കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് ഭയപ്പെടുത്തുന്ന ഓര്‍മകളാണ് സമ്മാനിച്ചത്. ജില്ലാ ആസ്ഥാന മേഖലയില്‍ 10 പേരുടെ ജീവനാണ് സ്വാതന്ത്ര്യദിനത്തില്‍ പൊലിഞ്ഞത്. കാലവര്‍ഷം ശക്തമായിട്ടും കാര്യമായ പ്രകൃതിക്ഷോഭം ഉണ്ടാകാതിരുന്ന പ്രദേശമായിരുന്നു വാഴത്തോപ്പ് പഞ്ചായത്ത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 15 ഇതെല്ലാം തിരുത്തിക്കുറിച്ചു. വാഴത്തോപ്പ് പഞ്ചായത്തില്‍ ചെറുതോണി ടൗണിന് ഏറ്റവും അടുത്ത പ്രദേശമായ ഗാന്ധിനഗര്‍ കോളനിയില്‍നിന്നാണ് ആദ്യ ദുരന്തവാര്‍ത്തയെത്തിയത്. ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മുത്തച്ഛനും മുത്തശിയും രണ്ടു പേരക്കുട്ടികളും ഉള്‍പ്പെടെ മണ്ണിനടിയിലായി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന ഒരു യുവാവും ദുരിതാശ്വാസ ക്യാന്പില്‍ നിന്നും വീട്ടിലെത്തി പുതപ്പെടുത്ത് വരികയായിരുന്ന വീട്ടമ്മയും ഇതേ ഉരുള്‍പൊട്ടലില്‍ മരിച്ചു. ശക്തമായ മഴയും തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. വൈകുന്നേരം അഞ്ചോടെ വാഴത്തോപ്പ് പഞ്ചായത്തിലെതന്നെ മണിയാറന്‍കുടി പെരുങ്കാലയിലും ഉരുള്‍പൊട്ടി.
ഇവിടെയും ഒരുകുടംബത്തിലെ നാലുപേരെയാണ് മരണത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോയത്. അച്ഛനും അമ്മയും മകളും കൊച്ചുമകളും ഇവിടെ മരണപ്പെട്ടു. ഇതോടൊപ്പം ജില്ലാ ആസ്ഥാനത്തെക്കുള്ള പ്രധാനപാതകള്‍ ഉള്‍പ്പെടെ എല്ലാ വഴികളും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും അടഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങളോ അപകടത്തില്‍പെട്ടവരെയും മരണമടഞ്ഞവരെയും ആശുപത്രിയിലെത്തിക്കാനൊ സാധിക്കാത്ത അവസ്ഥയായി.

ജില്ലാ ആശുപത്രിയിലേക്കുള്ള റോഡും ഉരുള്‍ കൊണ്ടുപോയി. യാത്രാ സൗകര്യങ്ങള്‍ക്കൊപ്പം വാര്‍ത്താവിനിമയ മാര്‍ഗങ്ങളും വൈദ്യുതിയും നിലച്ചു. അയല്വീടുകളില്പോലും എത്തിപ്പെടാനാകാതെ ജനം ദുരിതത്തിലായി. എന്താണ് സംഭവിക്കുന്നതെന്നുപോലുമറിയാതെ ജനം പകച്ചുനിന്ന ദിവസമായിരുന്നു അന്ന്.

ചെറുതോണി അണക്കെട്ട് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്‍പതിന് തുറന്നുവിട്ടിരുന്നു. പിന്നീട് മൂന്നു ഷട്ടറുകള്‍ അല്പം താഴ്ത്തിയെങ്കിലും 14-ന് വീണ്ടും ഉയര്‍ത്തി. ഇതോടെ പെരിയാറിലൂടെ കുതിച്ചൊഴുകിയ വെള്ളം തീരവാസികളെയും ഒറ്റപ്പെടുത്തി. 14-ന് വൈകുന്നേരം 6.13-ന് അണക്കെട്ടിന്റെ മൂന്നുഷട്ടറുകളും കൂടുതലായി ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 600 ക്യുമെക്സ് വെള്ളമായിരുന്നു പെരിയാറിലൂടെ ഒഴുകിയിരുന്നത്. 15-ന് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകാതെ വന്നതിനാല്‍ മറ്റു രണ്ട് ഷട്ടറുകളും ഉര്ത്തുകയാണുണ്ടായത്.

ചെറുതോണി പാലവും ആലിന് ചുവടുമുതല്‍ പെരിയാര്വാലിക്കുതാഴെ വരെ പുഴയുടെ ഇരുവശങ്ങളിലും വെള്ളംകയറി നാശം വിതച്ചു. ഇന്ന് ഒരുവര്‍ഷമായിട്ടും ജനങ്ങളുടെ മനസില്‍നിന്നും അന്നത്തെ ഭീകരത വിട്ടുമാറിയിട്ടില്ല. ഇന്നലെ ജില്ലയില്‍ മഴയ്ക്ക് ശക്തികുറവാണെങ്കിലും തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം വിണ്ടിരിക്കുന്ന ഭൂമിയില്‍ അമിതമായി വെള്ളം ഇറങ്ങുന്നത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
മഴക്കാലം ഹൈറേഞ്ച് നിവാസികളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയാണ്. ഇടുക്കിയില്‍ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 % തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 43.08 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2346.70 അടിയാണ്. ബുധനാഴ്ച രാവിലെ ഏഴിന് 2342.92 അടിയായിരുന്ന ജലനിരപ്പ്. 36 മണിക്കൂറിനുള്ളില്‍ 3.78 അടി വര്‍ധിച്ചു. പദ്ധതി പ്രദേശത്തു ഭേദപ്പെട്ട മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ വര്‍ധനയുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 79.02 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ജില്ലയില്‍ ഏറ്റവും കൂടിയ മഴ ലഭിച്ചത്. ഇവിടെ 152 മില്ലിമീറ്റര്‍ മഴരേഖപ്പെടുത്തിയപ്പോള് ഉടുന്പന്‍ചോല-45.04, ദേവികുളം-09.06, തൊടുപുഴ-68.00 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ജില്ലയില്‍ 71.04 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നു. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ 20 സെന്റിമീറ്ററില്നിന്നു 30 സെന്റിമീറ്ററായി ഉയര്‍ത്തി. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി 46.75 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ നാലിന് 21 ശതമാനമായിരുന്നു ജലനിരപ്പ്. നിലവിലെ വെള്ളം ഉപയോഗിച്ച് 1935.888 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 83.678 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇന്നലെ മാത്രം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 131 അടിയിലേക്ക് കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുന്നു.
ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ് ജലനിരപ്പ്. 57. 4 മില്ലിമീറ്റര്‍ അണക്കെട്ടിലും 36.4 മി.മീ. തേക്കടിയിലും മഴ ലഭിച്ചു. ഇന്നലെ രാവിലെ ആറുവരെ സെക്കന്‍ഡില്‍ 2677.78 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തിയിരുന്നു. ജലനിരപ്പ് ഇന്നു പുലര്‍ച്ചയോടെ 131 അടി പിന്നിട്ടേക്കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.
