KOYILANDY DIARY.COM

The Perfect News Portal

സുഷ്‌മ സ്വരാജ്‌ അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ്‌ അന്തരിച്ചു. 67 വയസ്സായിരുന്നു.ന്യൂഡല്‍ഹി എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. രാത്രി 10.20 ഓടെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഒന്നാം മോഡി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു.ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു. 2016ല്‍ വൃക്കമാറ്റിവച്ചിരുന്നു.

സുഷ്‌മ സ്വരാജിലൂടെ നഷ്ടമാകുന്നത്‌ ബിജെപിയുടെ വേറിട്ടമുഖമാണ്‌. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും തീവ്രനിലപാടുകള്‍ മുറുകെ പിടിക്കുമ്ബോഴും ജനകീയയായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു.

വാജ്‌പേയിയുടെയും പിന്നീട്‌ എല്‍ കെ അദ്വാനിയുടെയും ചേരിയിലായിരുന്ന സുഷ്‌മ, വ്യക്തിപ്രഭാവത്തിലൂടെയാണ്‌ ഒന്നാം മോഡി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായത്‌. നയതന്ത്രതലത്തിലടക്കം സുഷ്‌മ സ്വീകരിച്ചനിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വനിതാസംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതില്‍ രാഷ്‌ട്രീയനിലപാടുകള്‍ക്ക്‌ അതീതമായി പ്രവര്‍ത്തിച്ചു.

Advertisements

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്ന്‌ വിട്ടുനിന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായി ഇടപെട്ടു.
1953ല്‍ ഹരിയാനയില്‍ അംബാലയിലാണ്‌ ജനിച്ചത്‌. അച്‌ഛന്‍ ഹര്‍ദേവ്‌ ശര്‍മ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായിരുന്നു. സംസ്‌കൃതത്തിലും രാഷ്‌ട്രതന്ത്രത്തിലും നിയമത്തിലും ബിരുദംനേടി. 1973 മുതല്‍ സുപ്രീംകോടതി അഭിഭാഷകയായി. 1970മുതല്‍ എബിവിപിയിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്ത്‌ എത്തിയത്‌.

ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ നിയമപ്രതിരോധ സേനയിലൂടെയാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. അടിയന്തരാവസഥയ്‌ക്ക്‌ ശേഷം ജനസംഘവുമായി അടുത്തു. പിന്നീട്‌ ബിജെപിയില്‍ ചേര്‍ന്നു. 27–ാം വയസില്‍ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റായി.

1977ല്‍ ഹരിയാനയില്‍ ദേവിലാല്‍ മന്ത്രിസഭയില്‍ ഏറ്റവും പ്രായ കുറഞ്ഞ മന്ത്രിനിലയിലാണ്‌ രാജ്യശ്രദ്ധയിലെത്തിയത്‌. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

1990ല്‍ രാജ്യസഭാംഗമായി. 1996ല്‍ ദക്ഷിണ ഡല്‍ഹിയില്‍നിന്ന്‌ ലോക്‌സഭയിലെത്തി. 1999ല്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ്‌ ബിജെപിയുടെ ദേശീയമുഖമായത്‌.

ഭര്‍ത്താവ് സ്വരാജ്‌ കൗശല്‍ മുന്‍ രാജ്യസഭാംഗവും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്നു. മകള്‍: ബാംസുരി (അഭിഭാഷക).

സുഷ്‌മയുടെ മരണസമയത്ത്‌ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, നിതിന്‍ ഗഡ്‌കരി,ഹര്‍ഷ്‌ വര്‍ധന്‍ എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാര്‍ലമെന്ററി, നയതന്ത്ര രംഗങ്ങളില്‍ സുഷമ സ്വരാജിന്റെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നെന്ന്‌ മുഖ്യമന്ത്രി അനുസ്‌മരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *